പിണറായിയുടെ പങ്കിന് സ്വപ്നയുടെ ക്‌ളീൻ കട്ട് മൊഴി.

തിരുവനന്തപുരം: യു എ ഇ കോൺസുലേറ്റുവഴി നടന്ന സ്വർണ്ണക്കടത്ത് ഉൾപ്പടെയുള്ള നിയമ ലംഘനങ്ങൾക്കും, പ്രോട്ടോകോൾ ലംഘനക്കും ഒക്കെ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നു വ്യക്തമാക്കുന്നതരത്തിൽ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ ക്‌ളീൻ കട്ട് മൊഴി പുറത്ത്.
മുഖ്യമന്ത്രിയുടെ വസതിയിൽ യു എ ഇ കോൺസൽ ജനറലും മുഖ്യമന്ത്രിയും സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് എൻഫോഴ്സിന് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുകയാണ്. 2017ലായിരുന്നു ഇതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. യു എ ഇ കോൺസുലേറ്റും സർക്കാരും തമ്മിലുളള കാര്യങ്ങൾനോക്കുന്നതിന് ശിവശങ്കറിനായിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചിരുന്നു. അന്നുമുതൽ എല്ലാ കാര്യങ്ങൾക്കും ശിവശങ്കർ സ്വപ്നയെ വിളിച്ചിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സ്വപ്നയും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. ഈ വിളികളിലൂടെയാണ് സ്വപ്നയും, ശിവശങ്കറും തമ്മിലുളള ബന്ധം പിരിയാൻ കഴിയാത്ത വിധം വളർന്നത്. ശിവശങ്കറിനെ അടുത്തറിയാമായിരുന്നു, എന്നും സ്വപ്ന തന്റെ മൊഴിയിൽ പറയുന്നു.
കോൺസുൽ ജനറലിന്റെ സെക്രട്ടറി ആയതു മുതൽ മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയിൽ പറയുന്നുണ്ട്. ശിവശങ്കറാണ് സ്‌പേസ് പാർക്കിലെ അവസരത്തെക്കുറിച്ച് പറഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസ് ഉന്നത സ്വാധീന ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൊഴിയുടെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കാനാവില്ലെന്ന് കസ്റ്റംസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
‘അധികാര കേന്ദ്രങ്ങളില്‍ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് സ്വപ്ന. വിദേശത്തെയടക്കം ഒട്ടേറെ ഉന്നത വ്യക്തികളുമായുള്ള ബന്ധം അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്’, കസ്റ്റംസ് പറഞ്ഞു.
സമൂഹത്തില്‍ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് മൊഴിയില്‍ പറയുന്നുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയര്‍ന്ന രാഷ്ട്രീയ, പൊതു വ്യക്തികളിലേക്കും എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത്.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച വൈകിട്ടോടെ തീരുമാനം ഉണ്ടാവും. കേസിൽ ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി നൽകാൻ ശിവശങ്കറിന് സാധിച്ചില്ലെന്നതിനാലും, ചോദ്യങ്ങളിൽ നിന്ന് ശിവശങ്കരൻ ഒഴിഞ്ഞുമാറുന്നു സാഹചര്യത്തിലും തുടർന്ന് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങും.
അതേസമയം സ്വപ്ന സുരേഷിനെതിരെ കോഫെപോസ ചുമത്തിയതോടെ ഒരു വര്‍ഷംവരെ വിചാരണ കൂടാതെ സ്വപ്നയെ കരുതല്‍ തടങ്കലില്‍ വെക്കാവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. സ്വപ്നയ്ക്കെതിരെ കോഫെപോസ ചുമത്തിക്കൊണ്ടുള്ള വാറണ്ട് പുറത്തിറങ്ങി. വാറണ്ട് ജയില്‍ അധികൃതര്‍ക്ക് കൈമാറാനുള്ള നടപടികള്‍ വൈകാതെ കസ്റ്റംസ് സ്വീകരിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് കോടതി ജാമ്യം നൽകിയിരുന്നു. എന്നാല്‍ ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിട്ടില്ല. സാധാരണയായി, കസ്റ്റംസ് കേസുകളിലും ഡി.ആര്‍.ഐ. കേസുകളിലും പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് കോഫെപോസ ചുമത്തുന്നത്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് മുന്‍പ് നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ പരിശോധിച്ചാല്‍, കേസിലെ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതികളെ കോഫെപോസ പ്രകാരം വീണ്ടും കരുതല്‍ തടങ്കലില്‍ വെക്കുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്.
ഇതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റാനുള്ള നടപടികൾ നടക്കുകയാണ്. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റാൻ തീരുമാനിച്ചിട്ടുള്ളത്. പ്രതികൾക്കെതിരെ കൊഫേപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി. സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ ശനിയാഴ്ചയാണ് കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ഉണ്ടായത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്നാണ് കസ്റ്റംസ് പറയുന്നത്.