സ്വപ്‌ന വിദേശത്തേയ്ക്ക് 1,90,000 ഡോളർ കടത്തി

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നിയമ വിരുദ്ധമായി വിദേശത്തേയ്ക്ക് പണം കടത്തിയിട്ടുള്ളതായി കസ്റ്റംസ് കണ്ടെത്തി. കസ്റ്റംസിന്റെ അന്വേഷണത്തിൽ ആണ് 1,90,000 ഡോളർ സ്വപ്‌ന സുരേഷ് വിദേശത്തേയ്ക്ക് കടത്തിയതായി കണ്ടെത്തിയിയിരിക്കുന്നത്. യാതൊരു നിയമ നടപടികളും സ്വീകരിക്കാതെ കോൺസുലേറ്റിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇത്രയും പണം ഇവർ കടത്തിയിരിക്കുന്നത്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കമ്മിഷൻ തുകയാണ് ഇത്തരത്തിൽ വിദേശത്തേയ്ക്ക് കടത്തിയതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പണം കടത്തിയതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.
സ്വപ്‌നയുടെ പണമിടപാടുകളും വിദേശ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ചോദ്യം ചെയ്യലിലൂടെ ശേഖരിക്കുകയുണ്ടായി. ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകളും ഉണ്ടെന്നാണ് കസ്റ്റംസിന്റെ കൈവശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരെ ഒരേസമയം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കസ്റ്റംസ് കമ്മിഷണറിന്റെ നേതൃത്വത്തിൽ ശിവശങ്കറിനെ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് വെച്ചും, സ്വപ്നയെ കാക്കനാട് ജില്ലാ ജയിൽ, സരിത്തിനേയും സന്ദീപിനേയും വിയ്യൂർ ജയിലിൽ വെച്ചുമാണ് ചോദ്യം ചെയ്യുന്നത്. നാല് പേരുടേയും മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ ഉണ്ടാവുക. ഇതിനിടെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളും ഉണ്ട്. നേരത്തെ എൻഐഎ മൂന്നാം വട്ടം ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോൾ സ്വപ്ന സുരേഷും കസ്റ്റഡിയിലുണ്ടായിരുന്നു. നയതന്ത്ര ചാനൽ വഴി നികുതിയടക്കാതെ 17,000 കിലോ ഈന്തപ്പഴം എത്തിച്ചതിലുള്ള പ്രതികളുടെ പങ്കാളിത്തവും, ഇതിന് ശിവശങ്കർ നടത്തിയ ഇടപെടലുകളും, ഒപ്പം ശിവശങ്കർ സ്വപ്ന യുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചും കസ്റ്റംസ് ഇവരോട് ചോദിക്കും.
അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംസ്ഥാനത്തേയ്ക്ക് ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ കേരള സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിൽ യാതൊരു വിധത്തിലുമുള്ള കാത്തിടപാടുകളും ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ കസ്റ്റംസ് എടുത്ത കേസിനു ബലമേറുകയാണ്. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് ഇവ അനാഥാലയങ്ങളിൽ വിതരണം ചെയ്തതെന്ന് മുൻ സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി. അനുപമ മൊഴി നൽകിയിരുന്നു. ഇതും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.