വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി ടി.നസറുദ്ദീന്‍
കോഴിക്കോട്: കടകള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യാപരികളും സംസ്ഥാന സര്‍ക്കാറും നേര്‍ക്കുനേര്‍.വ്യാഴ്‌ച്ച മുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അറിയിച്ചു.കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതിന് പിന്നാലെയാണ് മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് രംഗത്ത് വന്നത്.
ജീവിക്കാനാണ് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. അല്ലാതെ സര്‍ക്കാരുമായി യുദ്ധപ്രഖ്യാപനം നടത്താനാല്ല. കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. കമ്യൂണിസ്റ്റുകള്‍ക്ക് സമരത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയുമോയെന്നും നസറുദ്ദീന്‍ ചോദിച്ചു.
ഇതിലും വലിയ ഭീഷണി മുമ്ബും ഉണ്ടായിട്ടുണ്ട്. വ്യാപാരികളുടെ ആവശ്യം ന്യായമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കില്‍ അതിനെ അംഗീകരിക്കാന്‍ മടിയെന്തിനാണെന്നും ടി.നസറുദ്ദീന്‍ ചോദിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുമെന്നും നസറുദ്ദീന്‍ പറഞ്ഞു.
വ്യാപാരികളുടെ ഉദ്ദേശ്യം മനസ്സിലാകുമെന്നും എന്നാല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യാപാരികളുടെ വെല്ലുവിളി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.