കമല ചിരിച്ചു; ഇന്ത്യയും.

അമേരിക്കൻ രാഷ്ട്രീയത്തിൽ പുതുചരിത്രം രചിച്ച് കമല ഹാരിസ് വിജയത്തേരിലേറുമ്പോൾ ഇന്ത്യക്കും സന്തോഷം. യുഎസിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നിന്റെ– ഡമോക്രാറ്റിക് പാർട്ടിയുടെ– സ്ഥാനാർഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്ത ആദ്യ വനിത എന്ന പ്രത്യേകതയോടെയാണ് ഇന്ത്യൻ വേരുകളുള്ള കമല യുഎസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. ഈ സ്ഥാനത്തേക്കു മത്സരിച്ച മൂന്നാമത്തെ മാത്രം വനിതയാണ് കമല. മാത്രമല്ല ഇതുവരെ ഒരു വനിതയും യുഎസ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്ന ചരിത്രം കൂടിയാണ് കമല തിരുത്തി എഴുതിയത്.റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസിനെയാണു കമല തോൽപ്പിച്ചത്.
തമിഴ്നാട് സ്വദേശിനിയായ അമ്മയുടെയും ജമൈക്കൻ സ്വദേശിയായ അച്ഛന്റെയും മകളായി കലിഫോർണിയയിലെ ഓക്ലൻഡിൽ 1964 ഒക്ടോബർ 20നാണ് കമല ദേവി ഹാരിസ് ജനിച്ചത്. അമ്മയുടെ പിന്തുണയോടെ പൗരാവകാശ പ്രവർത്തനങ്ങളിലൂടെണ് അവർ ആദ്യമായി പൊതുപ്രവർത്തന മേഖലയിൽ എത്തുന്നത്. കമലയ്ക്ക് ഏഴുവയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. 12 ാം വയസ്സിൽ കാനഡയിലെ ക്യുബെക്കിലെ മോൺട്രിയലിലേക്ക് അമ്മയ്ക്കും സഹോദരി മായയ്ക്കും ഒപ്പം കമല മാറി. അവിടെവച്ചാണ് കമലയുടെ ഉള്ളിലെ രാഷ്ട്രീയ മനസ്സ് വെളിപ്പെടുന്നത്. പിന്നീട് ഹോവഡ് സർവകലാശാലയിൽ പഠിക്കാനായി അവർ യുഎസിൽ തിരിച്ചെത്തി. ലിബറൽ ആർട്സ് സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ അവിടുത്തെ ഡിബേറ്റ് സംഘത്തിലും ചേർന്നു. സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിഎ നേടിയതിനു പിന്നാലെ നിയമത്തിൽ ബിരുദം എടുക്കുകയും ചെയ്തു.
1990 ൽ കലിഫോർണിയ സ്റ്റേറ്റ് ബാറിൽ ചേർന്ന് തന്റെ കരിയറിൽ കമല ശ്രദ്ധിച്ചുതുടങ്ങി. പിന്നാലെ അലമേഡ കൗണ്ടിയിലെ ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായി. 1998ൽ സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫിസിലെ കരിയർ ക്രിമിനൽ യൂണിറ്റിന്റെ മാനേജിങ് അറ്റോർണിയായി അവർ ചുമതലയേറ്റെടുത്തു. 2000 ൽ അതേ ഓഫിസിന്റെ കമ്യൂണിറ്റി ആൻഡ് നെയ്ബർഹുഡ് ഡിവിഷന്റെ മേധാവിയായി. ഈ ചുമതല വഹിക്കുമ്പോഴാണ് കലിഫോർണിയയുടെ ആദ്യ ബ്യൂറോ ഓഫ് ചിൽഡ്രൻസ് ജസ്റ്റിസ് സ്ഥാപിച്ചത്.
2010 ൽ സ്റ്റേറ്റ് അറ്റോർണി ജനറലായി നിയമിതയായി. 2016 ലെ തിരഞ്ഞെടുപ്പിൽ യുഎസ് സെനറ്റിലെത്തിയ കമല ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ അമേരിക്കൻ വംശജയുമായി.
നിലവിൽ കലിഫോർണിയയിൽനിന്നുള്ള സെനറ്ററാണ്. പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ തുടക്കത്തിൽ കമലയുമുണ്ടായിരുന്നുവെങ്കിലും പിന്നീട് ജോ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു പിന്മാറി. തുടർന്ന് കമലയാണ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെന്ന് 2020 ഓഗസ്റ്റ് 11ന് ജോ ബൈഡൻ പ്രഖ്യാപിച്ചു. അറ്റോർണി ജനറലായി കമല ജോലി ചെയ്തപ്പോൾ തന്റെ മകൻ ബ്യൂ ബൈഡനുമൊത്തു പ്രവർത്തിച്ചിരുന്നെന്നും വലിയ ബാങ്കുകളെ ചോദ്യം ചെയ്യാനും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുമുള്ള അവരുടെ കഴിവിനെ അന്നേ ശ്രദ്ധിച്ചിരുന്നുവെന്നും ബൈഡൻ വ്യക്തമാക്കി.
കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റുകൾക്കു വലിയ ഉന്മേഷമാണു പകർന്നത്. യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരായ മത്സരത്തിൽ ആഫ്രോ അമേരിക്കൻ വംശജരുടെയും ഇന്ത്യൻ വേരുകളുള്ള അമേരിക്കക്കാരുടെയും നിർണായക പങ്കു തിരിച്ചറിഞ്ഞായിരുന്നു കമലയുടെ സ്ഥാനാർഥിത്വം.കമലയുടെ സ്ഥാനാർഥിത്വത്തോട് അധിക്ഷേപാർഹമായ നിലപാടായിരുന്നു ഡോണൾഡ് ട്രംപിന്റേത്. അതെല്ലാം മറികടന്നാണു കമല വെന്നിക്കൊടി നാട്ടിയത്. എഴുത്തുകാരി കൂടിയായ കമലയുടെ ഭർത്താവ് അഭിഭാഷകനായ ഡഗ്ലസ് എംഹോഫിയാണ്. . എംഹോഫിന്റെ മക്കളായ എല്ലയും കോളും അടങ്ങുന്നതാണ് കമലയുടെ കുടുംബം.