അമ്മയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ചു.

താര സംഘടനയായ അമ്മയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ചു. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു ചാനലിന് നല്‍കിയ അഭിമുഖം സംബന്ധിച്ചു പ്രതികരിക്കവെയാണ് പാർവതി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലായിരുന്നു പാർവതിയുടെ പ്രതികരണം. അഭിമുഖം കണ്ടപ്പോൾ സംഘടനയില്‍ പ്രത്യേകിച്ച് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നു മനസിലാകുന്നുവെന്നായിരുന്നു പാർവതി പ്രതികരിച്ചത്. ‘അമ്മ തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ലെന്നും
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാ
ണെന്നും, പാർവതി പറഞ്ഞു .
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.
2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും സിദ്ദിഖും ഭാമയും കോടതിയിൽ മൊഴി മാറ്റിപറഞ്ഞിരുന്നു.
സംഭവത്തിൽ പാർവതി ഉൾപ്പെടെ മറ്റു താരങ്ങൾ പ്രതികരണവുമായി രംഗത്തു വന്നിരുന്നു .
ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും ആ നടി ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ല എന്നാണ് നടി രേവതി ഇതിനെപ്പറ്റി പറഞ്ഞത്. പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ നബിഷനും മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്ന് റിമയും ഈ സംഭവത്തിൽ പ്രതികരിചിരുന്നു.