രാജസ്ഥാനില്‍ തൊഴിലില്ല; സമരം യുപിയില്‍
ജയ്പൂര്‍: സംസ്ഥാനത്ത് തൊഴിലില്ലായ്മയ്ക്കെതിരെ നടപടി സ്വീകരിക്കാത്ത അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് രാജസ്ഥാനിലെ യുവാക്കള്‍. സമരത്തില്‍ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ നിസംഗത്വം തുടരുന്നതിനിടെ യുവാക്കള്‍ സമരം ഉത്തര്‍പ്രദേശിലേക്ക് മാറ്റി. ലഖ്‌നൗവിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ പ്രതിഷേധവുമായി തൊഴില്‍രഹിതരായ യുവാക്കള്‍ എത്തിയതോടെ സമരത്തിന്റെ രൂപം മാറി.
തൊഴില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ലഖ്നൗവിലെ ഓഫീസിനുമുന്‍പിലേക്കാണ് ഈളുകള്‍ പ്രതിഷേധവുമായി എത്തിയത്. രാജസ്ഥാന്‍ അണ്‍എംപ്ലോയ്മെന്റ് യൂണിഫൈഡ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ശനിയാഴ്ചയായിരുന്നു പ്രതിഷേധം. തൊഴിലില്ലായ്മ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തില്‍ തൊഴില്‍ രഹിതര്‍ കഴിഞ്ഞ ഒരു മാസമായി ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ സമരം തുടരുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് അവഗണിച്ചതോടെയാണ് പ്രതിഷേധം ലഖ്നൗവിലേക്ക് വ്യാപിപ്പിച്ചത്.
പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പാര്‍ട്ടി ഓഫീസിന് മുന്‍പില്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ സമരക്കാരുമായി പ്രിയങ്ക വാദ്രയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ചര്‍ച്ച നടത്തി. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്നാണ് ഇവര്‍ പ്രതിഷേധക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. ഇത് പാലിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധം വീണ്ടും ഉയരുമെന്ന് രാജസ്ഥാന്‍ അണ്‍എംപ്ലോയ്മെന്റ് യൂണിഫൈഡ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.