ഓക്സിജൻ സിലിൻഡറുകളുടെ ലഭ്യതകുറവ്: ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ
ന്യൂഡെൽഹി: കൊറോണയുടെ രണ്ടാം തരംഗ ഭീഷണിക്കിടയിലും ഓക്സിജൻ സിലിൻഡറുകളുടെ ലഭ്യതയിൽ കുറവുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഈ പ്രശ്നത്തിന് ആശ്വസവുമായി ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഗ്രീൻ കോറിഡോർവഴി ഓടിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. കൊറോണ രോഗികൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ അതിവേഗത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.
ലിക്വിഡ് മെഡികൽ ഓക്സിജൻ നിറച്ച ടാങ്കറുകൾ ചരക്കു ട്രെയിനുകളിൽ വെച്ചുകൊണ്ടുപോകാനാണ് റെയിൽവേയുടെ നീക്കം. ഇവയുടെ സുഗമമായ നീക്കത്തെക്കുറിച്ച് സംസ്ഥാന ഗതാഗത കമീഷണർമാരുമായി റെയിൽവേ ശനിയാഴ്ച ചർചനടത്തി. ഈ രീതിയിൽ റെയിൽവേ ഓക്സിജൻ എത്തിച്ചുകൊടുക്കണം എന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, മഹാരാഷ്ട്ര സർകാരുകൾ റെയിൽവേ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഓക്സിജൻ എക്സ്പ്രസുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.
കൊറോണ ബാധിതരിലെ ചില മെഡികൽ അവസ്ഥകളുടെ ചികിത്സയിൽ ഓക്സിജൻ ഒരു പ്രധാന ഘടകമാണെന്ന് സൂചിപ്പിച്ച റെയിൽവേ മന്ത്രാലയം മധ്യപ്രദേശ്, മഹാരാഷ്ട്ര സർകാരുകളുടെ അഭ്യർഥനപ്രകാരം ലിക്വിഡ് മെഡികൽ ഓക്സിജൻ ടാങ്കറുകൾ എത്തിക്കുന്നതിൻറെ സാങ്കേതിക സാധ്യതകൾ പരിശോധിച്ചതായായാണ് വ്യക്തമാക്കിയത്.
ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത്തിലുള്ള ഗതാഗതം ഉറപ്പാക്കുന്നതിന് ഒരു ഗ്രീൻ ഇടനാഴി സൃഷ്ടിക്കും. അംഗീകൃത മെഡികൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം നിർദേശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റെയിൽവേയുടെ ഈ പ്രഖ്യാപനം.