Kerala NewsLatest NewsPoliticsUncategorized

തരം താഴ്ന്ന പ്രചാര വേലയെന്ന് സിപിഎം; പ്രവർത്തകർ കൂട്ടമായി ബിജെപിയിൽ: വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് കയ്യടക്കി ബിജെപി

വിഴിഞ്ഞം : തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് കയ്യടക്കി ബിജെപി. സിപിഎം പ്രവർത്തകർ കൂട്ടമായി ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപിയുടേതായത്.

എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ വ്യക്തിയുടെ സ്വകാര്യ വസ്തുവാണെന്നും തരം താഴ്ന്ന പ്രചാര വേലയെന്നുമാണ് സംഭവത്തേക്കുറിച്ച് സിപിഎം വിശദീകരണം.

ബംഗാൾ മോഡൽ പിടിച്ചടക്കലെന്നാണ് തോട്ടം ബ്രാഞ്ച് ഓഫീസ് സ്വന്തം പാളയത്തിലെത്തിച്ചതിനെ കുറിച്ച് ബിജെപി പറയുന്നത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തോട് ചേർന്ന മുല്ലൂരിൽ കഴിഞ്ഞ ഒമ്പത് വർഷമായി സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസായിരുന്നു ഈ കെട്ടിടം. ബിജെപി കൊടി നാട്ടിയും ചെഗുവേരയുടെ ചുവർചിത്രം മായ്ച്ചുമാണ് ഓഫീസ് കാവി പുതപ്പിക്കലിന് തുടക്കമായത്.

കഴിഞ്ഞ ചൊവ്വാഴ്ച എൻഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു വിഴിഞ്ഞം ലോക്കലിൽ വരുന്ന തോട്ടം, പനവിള ബ്രാഞ്ചുകൾ കൂട്ടമായി ബിജെപിയിൽ ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ മുല്ലൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയതിന് വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റും കോവളം ഏരിയ കമ്മിറ്റി അംഗവുമായ മുക്കോല പ്രഭാകരനെയും വയൽക്കര മധുവിനെയും പാർട്ടി പുറത്താക്കിയിരുന്നു. പിന്നാലെയാണ് ഇവർക്കൊപ്പം പ്രവർത്തകർ കൂട്ടമായി ബിജെപിയിൽ ചേർന്നത്. വയൽക്കര മധുവിന്റേതാണ് ഓഫീസ് നിൽക്കുന്ന കെട്ടിടം.

പാർട്ടി പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള കെട്ടിടമാണ് കൊടി കെട്ടി സിപിഎം ഓഫീസ് പിടിച്ചെടുത്തെന്ന് ബിജെപി പ്രചരിപ്പിക്കുന്നതെന്നാണ് സിപിമ്മിന്റെ മറുപടി. തീര പ്രദേശങ്ങളിൽ ഇതുവരെ കാലുറപ്പിക്കാനാകാതിരുന്ന ബിജെപി വലിയ പ്രതീക്ഷയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രദേശത്തെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലടക്കം നേട്ടമുണ്ടാക്കിയ സിപിഎമ്മിന് കൂട്ട പാർട്ടി വിടൽ ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button