കർഷക നേതാവിനെതിരായ ആക്രമണം: 16 എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ജയ്പുർ: കർഷക സമര നേതാവ് രാകേഷ് ടികായത്തിനെ ആക്രമിച്ച സംഭവത്തിൽ 16 എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് രാജസ്ഥാനിൽ ടിക്കായത്ത് ആക്രമിക്കപ്പെട്ടത്. എബിവിപി നേതാവ് കുൽദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആൽവാർ പോലിസിന്റെ പിടിയിലായത്. മാധ്യമശ്രദ്ധ ലഭിക്കാനാണ് കർഷക നേതാവിനെ ആക്രമിച്ചതെന്ന് ഇവർ പോലിസിനോട് പറഞ്ഞു. കുൽദീപ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടികായത്തിനെതിരെ കല്ലേറ് നടത്തിയത്. സംഭവത്തിൽ 33 പേർക്കെതിരെയാണ് ആൽവാർ പോലിസ് കേസെടുത്തത്. ഇതിൽ 16പേർ അറസ്റ്റിലായി.
കർഷക നേതാവിനെ ആക്രമിക്കാനായി ആളുകളെ സംഘടിപ്പിക്കാൻ കുൽദീപ് യാദവ് 50000 രൂപ ചെലവാക്കിയെന്നും പോലിസ് പറയുന്നു. ഇയാൾക്കെതിരെ വ്യാജ ബിരുദക്കേസുമുണ്ടായിരുന്നു. അതേസമയം, പിടിയിലായ കുൽദീപുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതേസമയം, ആൽവാർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുൽദീപ് എബിവിയിൽ ചേർന്നിരുന്നു. കുൽദീപിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികളിൽ ബിജെപി നേതാക്കളും പങ്കെടുക്കാറുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ടികായത്തിന്റെ കാർ കരിങ്കൊടി കാണിച്ച് തടയാൻ ശ്രമിച്ച എബിവിപി പ്രവർത്തകർ കാറിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ കാറിന്റെ ചില്ല് തകർന്നിരുന്നു.