തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം ചീറ്റി
കാക്കനാട്: തൃക്കാര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാല്‍ അവതരിപ്പിക്കാനായില്ല. യോഗത്തില്‍ നിന്നും 25 കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നതോടെയാണ് അജിത തങ്കപ്പനെ പുറത്താക്കാനുള്ള എല്‍ഡിഎഫ് നീക്കം പരാജയപ്പെട്ടത്. 43 അംഗ കൗണ്‍സിലില്‍ 22 പേര്‍ പങ്കെടുത്താല്‍ മാത്രമേ ക്വാറം തികയുകള്ളൂ. യുഡിഎഫിന്റെ 21 കൗണ്‍സിലര്‍മാരും നാലു സ്വതന്ത്ര കൗണ്‍സിലര്‍മാരുമാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. എല്‍ഡിഎഫിന്റെ 18 കൗണ്‍സിലര്‍മാരും ഹാജരായിരുന്നു.
ഏതുവിധേനയും അജിത തങ്കപ്പനെ മാറ്റാന്‍ തുനിഞ്ഞിറങ്ങിയാണ് എല്‍ഡിഎഫ് എത്തിയത്. അവര്‍ കോവിഡ് ബാധിച്ച കൗണ്‍സിലറെ പിപിഇ കിറ്റ് ധരിപ്പിച്ച് കൗണ്‍സില്‍ യോഗത്തിനെത്തിച്ചു. 18ാം വാര്‍ഡ് കൗണ്‍സിലര്‍ സുമയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഡിഎഫിന് 21ഉം എല്‍ഡിഎഫിന് 17ഉം അംഗങ്ങളാണ്. അഞ്ച് സ്വതന്ത്രന്മാരാണ് വിജയിച്ചിട്ടുള്ളത്. ഇതില്‍ നാലു പേര്‍ യുഡിഎഫിനൊപ്പവും ഒരാള്‍ എല്‍ഡിഎഫിനൊപ്പവുമാണ്.
യുഡിഎഫിലുണ്ടായിരുന്ന പടലപ്പിണക്കം മുതലെടുത്ത് നഗരസഭ ഭരണം ത്രിശങ്കുവിലാക്കാനായിരുന്നു എല്‍ഡിഎഫ് പദ്ധതി. എന്നാല്‍ യുഡിഎഫുമായുള്ള വിയോജിപ്പ് ചര്‍ച്ച ചെയ്ത് പരിഹരിക്കനായതിനാല്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍പോലുമാകാതെ എല്‍ഡിഎഫ് നാണംകെട്ടു.