യുവനടിയെ അപമാനിച്ച സംഭവത്തിൽ മാപ്പുപറയാൻ തയ്യാറാണെന്ന് പ്രതികൾ

കൊച്ചി: യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് പ്രതികൾ. അബദ്ധത്തിൽ സംഭവി ച്ചതാണെന്നും, മാപ്പുപറയാൻ തയ്യാറാണെന്നും ഇരുവരും പ്രതികരിച്ചു. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് പെരിന്തൽമണ്ണയിലേക്ക് പോയിട്ടുണ്ട്.
വ്യാഴാഴ്‌ചയാണ് യുവാക്കൾ തൃശ്ശൂരിൽ വണ്ടി സർവീസുമായി ബന്ധപ്പെട്ട് എത്തുന്നത്. തുടർന്ന് മറ്റൊരു ആവശ്യത്തിനായി കൊച്ചിയിൽ എത്തുകയായിരുന്നു. ട്രെയിൻ ലേറ്റായതിനാൽ ഇരുവരും ലുലുമാൾ കാണാനായി പോവുകയായിരുന്നു. അവിടെ വച്ച് നടിയെ കാണുകയും സെൽഫിക്ക് ശ്രമിക്കുകയും ചെയ‌്‌തു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് ഇക്കാര്യത്തിൽ പ്രതികളുടെ വാദം. സോഷ്യൽ മീഡിയയിൽ കൂടി ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് തങ്ങളാണ് പ്രതികളെന്ന് അറിഞ്ഞതെന്ന് യുവാക്കൾ പറഞ്ഞിട്ടുണ്ട്. പ്രതികളുടെ ദൃശ്യങ്ങൾ ശനിയാഴ്ച പൊലീസ് പുറത്തുവിട്ടിരുന്നു. മെട്രോ സ്‌റ്റേഷനിൽ നിന്നുള്ള സിസിടിവിയിൽ നിന്നുലഭിച്ച പ്രതികളുടെ ചിത്രങ്ങളായിരുന്നു ഇവ. ആലുവ മുട്ടം ജംഗ്ഷനിൽ നിന്ന് കയറിയ യുവാക്കൾ, തിരികെ പോയതും മുട്ടം ജംഗ്ഷനിൽ ഇറങ്ങിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നു മനസിലാക്കാനായിരുന്നു. കൊച്ചിയിലെ മാളിൽ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയ യുവനടിക്കു നേരെ പ്രതികളുടെ കയ്യേറ്റമുണ്ടായെന്നാണ് ആരോപണം. ആൾത്തിരക്കില്ലാത്തിടത്ത് ഇരുവരും മനപ്പൂർവം നടിയുടെ ശരീരത്ത് സ്പർശിച്ച് കടന്നു പോകുകയും പിന്തുടരുകയും ചെയ്‌തെന്നാണ് പരാതി ഉണ്ടായത്. പിന്നീട് ഇവർ പണമടയ്ക്കാനുള്ള കൗണ്ടറിൽ നിൽക്കുമ്പോഴും അടുത്തു വന്ന് സംസാരിക്കാൻ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും, ഒച്ചയെടുത്തതോടെ യുവാക്കൾ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞെന്നും നടി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു.