പതിമൂന്നുകാരിയെ പീഡിപ്പിച്ച 3 പേര്‍ കൂടി പിടിയില്‍; ഇതുവരെ അറസ്റ്റിലായത് 8 പേര്‍
കാസര്‍കോട്: 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി പോലീസ് പിടിയില്‍. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുള്‍ അസീസ്, സുബ്ബ, സുര്‍ള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ് കാസര്‍കോട് പോലീസ് പിടികൂടിയത്്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് പറഞ്ഞത്.
സംഭവം ഇങ്ങനെ…
ജൂണ്‍ 26-നാണ് സംഭവത്തില്‍ ആദ്യ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രതികളിലൊരാളായ അബ്ബാസ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍വെച്ച് പീഡിപ്പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡനത്തിനിടെ അബ്ബാസിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍ പേര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷം കൂടുതല്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതുവരെ ഒമ്പത് കേസുകളാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍് കൂടുതല്‍ പേര്‍ കേസില്‍ പ്രതികളായേക്കുമെന്നുമാണ് വിവരം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരും നാട്ടുകാരുമായ പ്രതികള്‍ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാണ്.