Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

മുസ്ലിം ലീഗിന്റെ മുസ്ലിം ഒഴിവാക്കി പെരുമാറ്റണമെന്ന് മന്ത്രി കെ ടി ജലീൽ.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെടി ജലീ ലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. മുസ്ലിംലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം ആശയക്കുഴപ്പത്തിലാണെന്നും സംശയം മാറാന്‍ ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് ‘മുസ്ലിം’ ഒഴിവാക്കുക മാത്രമാണ് പോംവഴിയെന്നും ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. മുസ്ലിം എന്നത് ഒഴിവാക്കിയില്ലെങ്കിൽ സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും. ജലീൽ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നു.

മുഖം നന്നാക്കൂ, കണ്ണാടി കുത്തിപ്പൊട്ടിക്കരുത്, എന്ന ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

മുസ്ലിംലീഗ് ഒരു രാഷ്ടീയ പാർട്ടിയാണോ അതല്ല ഒരു മുസ്ലിം സാമുദായിക സംഘടനയാണോ എന്ന കാര്യത്തിൽ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ലീഗിൻ്റെ സംശയം മാറാൻ ഓരേയൊരു പോംവഴിയേ ഉള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരിൽ നിന്ന് “മുസ്ലിം” ഒഴിവാക്കുക. അല്ലാത്തിടത്തോളം കാലം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.
മുസ്ലിംലീഗിനെ വിമർശിച്ചാൽ അതെങ്ങിനെയാണ് മുസ്ലിം സമുദായത്തിനെതിരാവുക? കോൺഗ്രസ്സിനെ നിയന്ത്രിക്കുന്നത് കേരള കോൺഗ്രസ്സോ ആർ.എസ്.പിയോ ആണെന്ന് പറഞ്ഞാൽ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്ലിംലീഗാണെന്ന് പറയുമ്പോൾ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണ്? വർഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവർക്ക് എല്ലാം വർഗീയമായി തോന്നുക സ്വാഭാവികമാണ്.

പണ്ഡിറ്റ് നഹ്റു മുസ്ലിംലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോൾ നഹ്റു മുസ്ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ സി.എച്ചോ പറഞ്ഞതായി കേട്ടിട്ടില്ല. രാഷ്ടീയ മറുപടിയാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിന് നൽകിയത്. “പണ്ഡിറ്റ്ജീ, മുസ്ലിംലീഗ് ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാണ്”. മതസ്വത്വം മുസ്ലിംലീഗിനെ ആവാഹിച്ചിട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന കാലത്ത് പോലും സാമുദായിക മേലങ്കിയല്ല ലീഗ് അണിഞ്ഞത്, രാഷ്ട്രീയക്കുപ്പായമാണ്. ഇച്ഛാശക്തിയും വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്ന് ബോദ്ധ്യമായ പുതിയ കാലത്തെ ലീഗ് നേതൃത്വം സാമുദായിക സ്വത്വത്തിലേക്ക് ഉൾവലിയുന്ന കാഴ്ച ദയനീയവും പരിഹാസ്യവുമാണ്. മുഖം വികൃതമായവർ സ്വയം കണ്ണാടി കുത്തിപ്പൊട്ടിക്കുന്നത് കാണാൻ നല്ല ചേലുണ്ട്.

ന്യൂജെന്നിൽപെട്ട വിദ്യാർത്ഥി നേതാക്കളെ ഇറക്കി പിണറായി വിജയനെ ‘താനെന്നൊക്കെ’ വിളിപ്പിക്കുന്നവർ അതിന് പ്രതികരണമെന്നോണം അത്തരം വിളികൾ ലീഗിൻ്റെ ആത്മീയ നേതൃത്വത്തിനെതിരായി ഉയർത്തപ്പെടുമ്പോൾ ധാർമ്മികരോഷം കൊള്ളരുത്. ലീഗിനും ലീഗിൻ്റെ പുതുതലമുറക്കും അയ്മൂന്ന് പതിനഞ്ചും ഇടതുപക്ഷക്കാർക്ക് അയ്മൂന്ന് പതിമൂന്നുമല്ലെന്ന ഓർമ്മവേണം.“മറ്റുള്ളവരുടെ ആരാധ്യപുരുഷരെ നിങ്ങൾ ചീത്ത പറയരുത്. അങ്ങിനെ പറഞ്ഞാൽ അവർ നിങ്ങളുടെ ആരാധ്യരേയും ചീത്ത പറയും”(വിശുദ്ധ ഖുർആൻ). ആരാധ്യരുടെ കാര്യത്തിൽ മാത്രമല്ല, ബഹുമാന്യരായ നേതാക്കളുടെ കാര്യത്തിലും ഇത് ബാധകമാണെന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞുവെ ച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button