ഫോണില്‍ ടിവി സീരിയല്‍ കണ്ടുകൊണ്ട് ബൈക്ക് ഓടിച്ചു, കൈയോടെ പിടികൂടി പൊലീസ്
കോയമ്പത്തൂര്‍: റോഡപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഭയമില്ലാതെ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവര്‍ നിരവധിയാണ്. മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ടുകൊണ്ട് ബൈക്കോടിച്ച യുവാവിനെ പിടികൂടി പൊലീസ്. കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശിയായ മുത്തുസ്വാമിയാണ് (35) പൊലീസ് പിടികൂടിയത്.
ഇയാള്‍ ബൈക്ക് ഓടിച്ചുകൊണ്ട് സീരിയല്‍ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തിയത്.
ഇയാള്‍ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയിലാണ് ബൈക്കില്‍ ഘടിപ്പിച്ച മൊബൈല്‍ ഹോള്‍ഡറില്‍ ഉറപ്പിച്ച ഫോണിലൂടെ ടിവി സീരിയല്‍ കണ്ടുകൊണ്ട് ബൈക്ക് ഓടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ പൊലീസ് രാത്രിയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മൊബൈല്‍ ഉപയോഗിച്ചതിനും ഇയാള്‍ക്കെതിരെ പിഴ ഈടാക്കി. സംഭവത്തില്‍ 1,200 രൂപയാണ് പിഴ ഈടാക്കിയത്. അതിനു ശേഷം ബൈക്കില്‍ നിന്ന് മൊബൈല്‍ ഹോള്‍ഡര്‍ നീക്കം ചെയ്ത് ഉപദേശവും നല്‍കിയാണ് പൊലീസ് ഇയാളെ വിട്ടയച്ചത്.
തമിഴ് സീരിയലായ ‘രാജാ റാണി’യാണ് ഇയാള്‍ ബൈക്കോടിക്കുന്നതിനിടെ മൊബൈല്‍ ആപ്പില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. റോഡപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഇത്തരം സംഭവങ്ങള്‍ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇങ്ങനെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്.