രാജിയെച്ചൊല്ലി തർക്കം രൂക്ഷം, ഒലി വിടുന്നില്ല കടിച്ചു തൂങ്ങുകയാണ് ലക്‌ഷ്യം.

രാജി വയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാതെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണ്. രാജിയെ ചൊല്ലിയുള്ള തര്‍ക്കം മുറുകിയപ്പോൾ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവയ്ക്കാന്‍ ഒലി നിര്‍ദേശിച്ചതും വിവാദമായി. സഭാ അധ്യക്ഷന്മാരോടു ചര്‍ച്ച ചെയ്യാതെയായിരുന്നു,സഭകൾ നിർത്തിവെക്കാനുള്ള ഏകപക്ഷീകമായ തീരുമാനം ഒലി എടുക്കുന്നത്. ഒലിയുടെ നീക്കം വന്‍ വിമര്‍ശനങ്ങള്‍ക്ക് നേപ്പാളിൽ വഴിതുറന്നിരിക്കുന്നു.
ഒലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പാര്‍ട്ടിയിലെ പ്രധാന എതിരാളിയായ പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബജറ്റ് സെഷന്‍ നിര്‍ത്തിവയ്ക്കാനുള്ള ഒലിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്തായിരുന്നു ഇത്. ഭണ്ഡാരിയുമായി പ്രചണ്ഡ നടത്തിയ ചര്‍ച്ചയുടെ ഉൾ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി പദത്തില്‍ തുടരുന്നതിനുള്ള ഭീഷണി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒലി പാര്‍ലമെന്റ് സഭകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് പുറത്തു വരുന്ന വിവരം.
ഇന്ത്യയ്ക്കെതിരെ നിലകൊള്ളുന്നതും ചൈനയ്ക്ക് അനുകൂലമായി ഏകപക്ഷീയ നിലപാടെടുക്കുന്നതുമാണ് ഒലിയോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടതിനു മുഖ്യ കാരണമായി പറയുന്നത്. ഇന്ത്യയ്ക്കെതിരായ ഒലിയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി ശരിയോ നയതന്ത്രപരമായി അനുയോജ്യമോ അല്ലെന്ന് പ്രചണ്ഡ പറയുന്നു. തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ എംബസികളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി ഒലി ആരോപിച്ചിരുന്നതിനു പിറകേയാണിത്.
കഴിഞ്ഞ ആഴ്ചയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഒലിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അധികാരത്തില്‍ തുടരാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് മോഡലുകള്‍ അനുകരിക്കുകയാണ് ഒലിയെന്നും വിമര്‍ശനമുണ്ടായി. അത്തരം ശ്രമങ്ങള്‍ വിജയിക്കുകയില്ലെന്നു പ്രചണ്ഡ പ്രചണ്ഡ പറഞ്ഞിരുന്നു. സഖ്യസര്‍ക്കാരിന് മാവോയിസ്റ്റുകള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 2016 ജൂലൈയില്‍ ഒലി സര്‍ക്കാര്‍ രാജിവച്ചിരുന്നു. സര്‍ക്കാരിന്റെ മോശം പ്രവര്‍ത്തനവും എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടി ഏപ്രില്‍ ആദ്യം പാര്‍ട്ടിതന്നെ ഒലിയില്‍ നിന്ന് രാജി ആവശ്യപ്പെട്ടു. എന്നാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള നീക്കം ഒലി തുടരുന്നതായാണ് നേപ്പാളിൽ നിന്നുള്ള വാർത്തകൾ പറയുന്നത്.