അമേരിക്കയില്‍ വാക്‌സിനേഷന്‍ പൂര്‍ണമാകാത്തതിന് കാരണം ഞങ്ങളല്ല; ഫെയ്‌സ്ബുക്ക്.
അമേരിക്ക: വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ അമേരിക്കന്‍ ഗവണ്‍മെന്റ് നല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു. എന്നിട്ടും വാക്‌സിനേഷന്‍ പൂര്‍ണമായും ജനങ്ങള്‍ കൈകൊള്ളാത്തതിന് അമേരിക്ക കുറ്റപെടുത്തിയത് ഫെയ്‌സ്ബുക്കിനെയായിരുന്നു. ഇതിനെതിരെയാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പ്രതികരിക്കുന്നത്.
അമേരിക്ക കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ഫെയ്‌സ്ബുക്ക് പറയുന്നത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുന്ന തരത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിവരുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയുള്ള മറുപടിയുമായാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ രംഗത്ത് വരുന്നത്.
‘അമേരിക്കയിലെ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളായ 85 ശതമാനം പേരും കോവിഡ് വാക്സിനേഷന്‍ എടുത്തവരോ എടുക്കാന്‍ താത്പര്യപ്പെടുന്നവരോ ആണ്. ജൂലൈ നാലിനകം അമേരിക്കയിലെ 70 ശതമാനം പേര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കും എന്നതായിരുന്നു ബൈഡന്റെ ലക്ഷ്യം. ഇത് നടപ്പിലാക്കാന്‍ സാധിക്കാത്തതിന് ഫെയ്‌സ്ബുക്ക് ഉത്തരവാദികളല്ല.’ കമ്പനി വൈസ്പ്രസിഡന്റ് ഗൈ റോസന്‍ കോര്‍പറേറ്റ് ബ്ലോഗിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ കോവിഡുമായും വാക്സിനുമായും ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിച്ചിപ്പിക്കുകയും ഇതിലൂടെ ജനങ്ങളെ വാക്‌സിനേഷനില്‍ നിന്ന് പിന്തിരിപ്പിക്കാനും കാരണമായി എന്നാണ് ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍. ഫെയ്‌സ്ബുക്കിനെതിരെ നേരത്തെയും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.