കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ അറസ്റ്റിൽ

കണ്ണൂരിലെ കുറുമാത്തൂർ പൊക്കുണ്ടിന് സമീപം അമ്മ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ മുബഷിറയെ അറസ്റ്റ് ചെയ്തു.
പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2-ൽ ഹിലാൽ മൻസിൽ താമസിക്കുന്ന ടി.കെ. ജാബിറിന്റെയും മൂലക്കൽ പുതിയപുരയിലെ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് വീടിന്റെ കുളിമുറിയോട് ചേർന്ന കിണറ്റിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യമായി കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നായിരുന്നു മുബഷിറയുടെ മൊഴി. എന്നാൽ കിണറിന് ഗ്രില്ലും ആൾമറയും ഉണ്ടായിരുന്നതും കുഞ്ഞ് വീഴാൻ സാധ്യത വളരെ കുറഞ്ഞതുമായ സാഹചര്യത്തിൽ പൊലീസ് സംശയം പ്രകടിപ്പിച്ചു. തുടർന്ന് രണ്ടുദിവസമായി മുബഷിറയെയും ബന്ധുക്കളെയും ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മുബഷിറയെ വീട്ടിൽവച്ച് അറസ്റ്റ് ചെയ്തത്.
വൈദ്യപരിശോധനകൾക്ക് ശേഷം മുബഷിറയെ കോടതിയിൽ ഹാജരാക്കും. വീട്ടുകാർ ആദ്യം പറഞ്ഞത് കുഞ്ഞ് കുതറിയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നായിരുന്നു. നാട്ടുകാർ ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണാശുപത്രിയിലും തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ പിതാവ് ജാബിർ കുടക് കുശാൽനഗറിലെ വ്യാപാരിയാണ്.
Tag: Mother arrested for killing baby by throwing him into well



