ട്രെയിനുകളിൽ നിന്ന് പാൻട്രി കാറുകൾ ഒഴിവാക്കുന്നു.

കൊച്ചി/ കോവിഡിനു ശേഷം പുനഃസ്ഥാപിക്കുന്ന ട്രെയിനുകളിൽ നിന്ന് പാൻട്രി കാറുകൾ ഒഴിവാക്കുന്നു. പാൻട്രി കാറുകൾ ഒഴിവാക്കുന്നതോടെ ഭക്ഷണത്തിനായി ബേസ് കിച്ചനുകൾ പ്രധാന സ്റ്റേഷനുകളിൽ ഏർപ്പെടുത്താനാണ് റെയിൽവേയുടെ പരിപാടി. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നിവടങ്ങളിലാണു ബേസ് കിച്ചനുകൾ ഒരുക്കുന്നത്. ഇവിടെ നിന്നു ഭക്ഷണം ട്രെയിനുകൾ ലോഡ് ചെയ്യും. ഒപ്പം, പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ സൈഡ് വെൻഡിങ് പ്രോൽസാഹിപ്പിക്കും. ഐആർസിടിസി ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
പാൻട്രി കാർ കോച്ച് ഒഴിവാക്കപ്പെടുമ്പോൾ അതിനു പകരമായി ട്രെയിനുകളിൽ തേഡ് എസി കോച്ച് ഏർപ്പെടുത്തുകയാണ്. കൂടുതൽ പേർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്താൻ വേണ്ടിയാണിത്. ഇത് വഴി പ്രതിവർഷം 1400 കോടി രൂപയുടെ വരുമാനമാണു റെയിൽവേ പ്രതീക്ഷിക്കുന്നത്. 350 ട്രെയിനുകളിലാണ് രാജ്യത്തു പാൻട്രി സൗകര്യം ഇപ്പോൾ ഉള്ളത്. പുറംകരാറുകൾ വഴി ഈ മേഖലയിൽ പതിനായിരത്തിലധികം പേർ ജോലി നോക്കുന്നുണ്ട്. ബേസ് കിച്ചണിൽ നിന്നുളള ഭക്ഷണം ട്രെയിനിൽ വിതരണം ചെയ്യാൻ ജീവനക്കാരെ ആവശ്യമുള്ളതിനാൽ അവരെ ഒഴിവാക്കില്ല.
പക്ഷെ പാചകക്കാർക്ക് പുതിയ നീക്കം ദോഷകരമായി ബാധിക്കും. പാൻട്രി കരാർ രംഗത്തുളളവർ തന്നെ ബേസ് കിച്ചണുകളുടെ കരാർ സ്വന്തമാക്കുന്നതിനാൽ തൊഴിൽ നഷ്ടം കാര്യമായി ബാധിക്കില്ലെന്നാണ് ഐആർസിടിസി ഇക്കാര്യത്തിൽ പറയുന്നത്.
റെയിൽവേയിലെ രണ്ടു പ്രമുഖ യൂണിയനുകളാണു പാൻട്രി കാർ ഒഴിവാക്കണമെന്ന നിർദേശം റെയിൽവേ ബോർഡിനു മുന്നിൽ വെക്കുന്നത്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന മേഖലയാണു പാൻട്രി കരാറുകൾ. യാത്രക്കാരുടെ ഏറ്റവും അധികം പരാതികളും ഈ മേഖലയിൽ നിന്നാണ് ഉണ്ടാകുന്നത്. മോശം ഭക്ഷണം നൽകുകയും അധിക നിരക്ക് ഈടാക്കുന്നതുമായ നിരവധി പരാതികളാണ് ഉണ്ടാവുന്നത്. ഇത് ഒഴിവാക്കാൻ കൂടിയാണു ഇ–കേറ്ററിങ്, ബേസ് കിച്ചൺ, ട്രെയിൻ സൈഡ് വെൻഡിങ് എന്നിവ പ്രോൽസാഹിപ്പിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നത്. പാൻട്രി കരാർ നഷ്ടപ്പെട്ട കമ്പനികൾ ഇ–കേറ്ററിങിന്റെ ഭാഗമാകാൻ ഹോട്ടലുകൾ തുടങ്ങുന്നതും ബേസ് കിച്ചണുകളുടെ കരാറിനായി ശ്രമിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉള്ളത്. സിസിടിവി ക്യാമറ നിരീക്ഷണമുൾപ്പെടെ ബേസ് കിച്ചണുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കേറ്ററിങ് രംഗത്തെ താപ്പാനകളെ ഒതുക്കാനുള്ള ശ്രമങ്ങൾ എല്ലാം ഇതുവരെ പരാജയപ്പെടുകയായിരുന്നു.