സ്ക്കൂളിലെ ഉച്ചഭക്ഷണത്തിലും തട്ടിപ്പ്; 25 ലക്ഷം രൂപയുടെ ക്രമക്കേട്
പാലക്കാട്: സ്ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തതായി റിപ്പോര്‍ട്ടുകള്‍. പത്തിരിപ്പാല ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ പട്ടിക ജാതി, പട്ടികവര്‍ഗ കമ്മിഷന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
2013 -2018 കാലയളവില്‍ സ്ക്കൂളിലെ അദ്ധ്യാപകനായ പ്രശാന്താണ് ഉച്ചഭക്ഷണ പദ്ധതിയില്‍ തട്ടിപ്പു കാണിച്ചിരിക്കുന്നത്. വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍, സ്ക്കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി സാധനങ്ങള്‍ എത്തിച്ചു നല്കുന്ന കച്ചവടക്കാരന് എന്നിവരുടെ സഹായത്തോടെയാണ് ഉച്ചഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകന് പ്രശാന്ത് വെട്ടിപ്പു കാണിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അരിയും സാധനങ്ങളും വാങ്ങി വ്യാജ ബില്ലുകള്‍ ഉണ്ടാകുന്നതായുള്ള പരാതി പിടിഎ ഭാരവാഹികളാണ് പട്ടികജാതി,പട്ടികവര്‍ഗ കമ്മിഷന് നല്‍കിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. അതേസമയം താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് പ്രശാന്ത് പറയുന്നത്.