പെഗാസസ് വിഷയം; നിയമവ്യവസ്ഥയില്‍ വിശ്വസിക്കൂ സുപ്രീംകോടതി.
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സമാന്തര ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പത്ത് ഹര്‍ജികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുകയാണ്. ഇതിനിടയില്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരെ നിര്‍ത്തികൊണ്ട് നിര്‍ദേശങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ‘ഹര്‍ജിക്കാര്‍ക്കായി ഹാജരായ കപില്‍ സിബല്‍, മീനാക്ഷി അറോറ, ശ്യാം ദിവാന്‍, രാകേഷ് ദ്വിവേദി തുടങ്ങി എല്ലാവരോടുമായി ചിലത് പറയാനുണ്ട്. ഈ വിഷയങ്ങളില്‍ ജനതാത്പര്യം എന്തുമായി കൊള്ളട്ടെ. ഫേസ്ബുക്ക്, ട്വിറ്റര്‍, മാദ്ധ്യമങ്ങള്‍ തുടങ്ങിയവയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചയാകാം.
എന്നാല്‍ ആ വിഷയം കോടതിയുടെ പരിഗണനയിലെത്തിയാല്‍ പിന്നെ പുറത്തുള്ള സമാന്തര ചര്‍ച്ചകള്‍ പാടില്ല. നിയമവ്യവസ്ഥയില്‍ വിശ്വസിക്കൂ. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കൗണ്‍സില്‍ മുഖേന കോടതിയെ അറിയിക്കൂ.എന്നായിരുന്നു കോടതി പറഞ്ഞത്. അതേസമയം രാജ്യത്തെ നിയമവ്യവസ്ഥകളില്‍ വിശ്വസിക്കാനും ജസ്റ്റിസുമാരായ വിനീത് ശരണ്‍, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്നും കേന്ദ്രത്തിനോട് വിശദീകരണം തേടണമെന്നും അതിന് സമയം അനുവദിക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം അംഗീകരിച്ച കോടതി അടുത്ത തിങ്കളാഴ്ചയിലേക്ക് പരിഗണിക്കാനായി കേസ് മാറ്റി.