സിപിഎം കാലുവാരിയെന്ന വെളിപ്പെടുത്തലുമായി സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: 1998ലെ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ സിപിഎം തന്നെ മുന്നിട്ടു നിന്നെന്ന് ഇടത് സഹയാത്രികന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍. ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. താന്‍ പത്രത്തില്‍ എഴുതിത്തുടങ്ങിയതിന്റെ 60ാം വാര്‍ഷികദിനമായ വ്യാഴാഴ്ച പുസ്തകം പുറത്തിറങ്ങുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
”വിഎസ് പക്ഷക്കാരനായി തെറ്റിദ്ധരിക്കപ്പെട്ട ഞാന്‍ സിഐടിയു വിഭാഗത്തിന് അനഭിമതനായി. അവര്‍ കളമശേരിയില്‍ ഇ. ബാലാനന്ദന്റെ വസതിയില്‍ സമ്മേളിച്ച് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. എം.എം. ലോറന്‍സും കെ.എന്‍. രവീന്ദ്രനാഥുമുള്‍പ്പെടെ എന്റെ അഭ്യുദയകാംക്ഷികളായ നേതാക്കള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ബൂത്ത് അടിസ്ഥാനത്തില്‍ 50 വോട്ട് വീതം മറിക്കുകയായിരുന്നു വിജയകരമായി നടപ്പാക്കിയ തന്ത്രം. മൊത്തം 1300 ബൂത്തുകളുള്ള മണ്ഡലത്തില്‍ 65,000 വോട്ട് കണക്കനുസരിച്ച് എനിക്കു നഷ്ടപ്പെടുകയും എതിര്‍സ്ഥാനാര്‍ഥിക്കു ലഭിക്കുകയും ചെയ്തു.’
ആണവക്കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെതിരേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെടുത്താന്‍ സ്വതന്ത്ര എംപിയായിരുന്ന തനിക്ക് കോണ്‍ഗ്രസ് കോടികളുടെ കോഴ വാഗ്ദാനംചെയ്‌തെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് യുഎപിഎ നിയമഭേദഗതിക്ക് അനുകൂലമായി വോട്ടു ചെയ്യാത്തതിന്റെ പേരില്‍ സിപിഎം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും അദ്ദേഹം പറയുന്നു.
പുസ്തകത്തില്‍ നിന്ന്: ”യുപിഎ സര്‍ക്കാരിനു ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രണബ് മുഖര്‍ജി ഏറ്റെടുത്തു. ഭൂരിപക്ഷം ഉറപ്പിക്കുകയെന്നു പറഞ്ഞാല്‍ കുറെ എംപിമാരെ ചാക്കിലാക്കുക എന്നാണര്‍ഥം. ഒരു സായാഹ്നത്തില്‍ പ്രത്യേകിച്ചു പരിപാടിയൊന്നുമില്ലാതെ നമ്പര്‍ 20, ആര്‍പി റോഡില്‍ തനിച്ചിരിക്കുമ്പോള്‍ ‘ചാക്കു’മായി രണ്ടുപേര്‍ വന്നു. പ്രണബിന്റെ നിര്‍ദേശപ്രകാരമാണ് വരവെന്നു വിശദീകരിക്കപ്പെട്ടു. സ്വതന്ത്ര എംപി എന്ന നിലയില്‍ വിപ്പ് ലംഘനം ഉണ്ടാവാത്തതിനാല്‍ ഞാന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യണം.
കഴിയില്ലെങ്കില്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കണം. രണ്ടിനും പ്രതിഫലമുണ്ട്. ചോദ്യക്കോഴയില്‍ എംപിമാരെ കുടുക്കിയ സ്റ്റിങ് ഓപ്പറേഷന്‍ പെട്ടെന്ന് ഓര്‍മയില്‍ വന്നതിനാല്‍ പ്രതിഫലം എത്രയെന്നു ചോദിക്കാതെ ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു. അതു സ്റ്റിംഗ് ഓപ്പറേഷനായിരുന്നില്ലെന്ന് അടുത്തദിവസം വയലാര്‍ രവിയെ കണ്ടപ്പോള്‍ മനസ്സിലായി. പ്രണബിന്റെ ലിസ്റ്റില്‍നിന്ന് എന്റെ പേര് നീക്കംചെയ്യിച്ചതായി എന്നെ അറിയാവുന്ന രവി പറഞ്ഞു. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു വയലാര്‍ രവി. പ്രണബിന്റെ ദൂതര്‍ കോടികള്‍ എന്നു പറഞ്ഞതായാണ് എന്റെ ഓര്‍മ.”