സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു, പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. മലയോരമേഖലയിലും മഴ കനക്കുകയാണ്. കോഴിക്കോട്ട് തൊട്ടില്‍പാലം പുഴ കരകവിഞ്ഞു. ഇവിടെ ഏഴ് വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. നേരത്തെ, സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിരുന്നു. സായുധ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മലയോരമേഖലയില്‍ ആണ് മഴ ശക്തമായിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നു. തൊട്ടില്‍പാലം പുഴ കര കവിഞ്ഞ് ഒഴുകിയതോടെ ഏഴ് വീടുകളില്‍ വെള്ളം കയറി. ഇവരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കര കവിഞ്ഞ് ഒഴുകുന്നു. ജാനകികാടിനടുത്ത് തുരുത്തില്‍ കുടങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തി.
മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ ആവശ്യപ്പെട്ടു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം തുടങ്ങി. മണര്‍കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ്. നാല് കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്.
വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ചും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കും. ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം,ഇടുക്കി, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട,തൃശൂര്‍ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കോട്ടയത്ത് റെയില്‍പാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പാമ്പാടിയിൽ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഫയര്‍മാന് പാമ്പുകടിയേൽക്കുകയുണ്ടായി. 45 മി.മി മഴയാണ് സംസ്ഥാനത്ത് ബുധനാഴ്ച ലഭിച്ചത്.