സാധാരണക്കാരനും ഇനി എസി കോച്ചില്‍ യാത്ര, സ്ലീപര്‍ ക്ലാസുകള്‍ ഇല്ലാതെ റെയില്‍വേയുടെ പുതിയ തീരുമാനം

മുംബൈ: അടുത്ത മൂന്നു മാസത്തിനുള്ളില്‍ മെയില്‍, എക്സ്‌പ്രസ് തീവണ്ടികളില്‍നിന്ന് സ്ലീപ്പര്‍ ക്ലാസുകള്‍ ഇല്ലാതാവും. പകരം നിരക്ക് കുറഞ്ഞ തേഡ് എ.സി. ക്ലാസ് വരും. ചൂടുകൂടി വരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ സുഖയാത്ര നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേയുടെ പുതിയ പദ്ധതി.
പദ്ധതി മാസങ്ങള്‍ക്കു മുമ്ബുതന്നെ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് എ.സി. ഇക്കണോമി ക്ലാസ് കോച്ച് റെയില്‍വേ പുറത്തിറക്കിയത്. ഇതിന്റെ പരീക്ഷണയോട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത മാസങ്ങളില്‍ ഇവയുടെ നിര്‍മാണം വര്‍ധിപ്പിച്ച് വിവിധ റെയില്‍വേ ഡിവിഷനുകള്‍ക്ക് കൈമാറി തുടങ്ങും.
ഏപ്രില്‍ അവസാനത്തോടെ ഇത്തരത്തിലുള്ള 20 കോച്ചുകള്‍ മധ്യ റെയില്‍വേക്ക് ലഭിക്കും. മേയ് ആദ്യ വാരത്തില്‍ തന്നെ ഇവ തീവണ്ടികളില്‍ ഘടിപ്പിച്ചു തുടങ്ങുമെന്നും മധ്യ റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.
ഓരോ ബര്‍ത്തിലും തണുപ്പ് ലഭിക്കാന്‍ പ്രത്യേക എ.സി. സംവിധാനം, മികച്ച സീറ്റുകളും ബര്‍ത്തുകളും ലഘുഭക്ഷണം കഴിക്കാന്‍ ഇരുവശത്തും മടക്കിവെക്കാവുന്ന ചെറിയ മേശ, മൊബൈല്‍ ഫോണും വെള്ള കുപ്പികളും പുസ്തകങ്ങളും വെക്കാന്‍ പ്രത്യേക സംവിധാനം, രാത്രിയില്‍ പുസ്തകം വായിക്കാന്‍ ഓരോ ബര്‍ത്തിലും പ്രത്യേകം ലൈറ്റുകളും ചാര്‍ജിങ് പോയന്റുകള്‍ എന്നിവയുമുണ്ടാകും.
നടുവിലും മുകളിലുമുള്ള ബര്‍ത്തുകളിലേക്ക് പ്രയാസമില്ലാതെ കയറാനുള്ള സംവിധാനവും കൂടുതല്‍ സ്ഥലസൗകര്യവുമുണ്ട്.