രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് വാക്‌സിനേഷൻ ഡ്രൈവ്; വമ്പൻ തയ്യാറെടുപ്പുമായി റിലയൻസ്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് വാക്‌സിനേഷൻ ഡ്രൈവിന് തയ്യാറെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ്. ഇതിന്റെ ഭാഗമായി രാജ്യത്തെ 880 നഗരങ്ങളിലുള്ള 13 ലക്ഷത്തിലധികം ജീവനക്കാർക്കും അസോസിയേറ്റുകൾക്കും വാക്‌സിൻ നൽകും. ഇതിന് പുറമെ ഗൂഗിൾ ഉൾപ്പെടെയുള്ള പങ്കാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്‌സിനേഷൻ ഉറപ്പുവരുത്താനാണ് റിലയൻസ് ഒരുങ്ങുന്നത്.
ഇത്രയധികം ആളുകൾക്ക് വാക്‌സിൻ നൽകുന്നതിന് വിപുലമായ പദ്ധതിയാണ് റിലയൻസ് തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിനേഷൻ പൂർണമായും സൗജന്യമായിരിക്കുമെന്ന് റിലയൻസ് അറിയിച്ചിട്ടുണ്ട്. നിലവിലെ ജീവനക്കാർക്കും അവരുടെ മുഴുവൻ കുടുംബത്തിനും വാക്‌സിൻ ലഭിക്കും. ഇതിന് പുറമെ റിലയൻസിൽ നിന്നും വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്‌സിൻ നൽകാനുള്ള സമഗ്ര പദ്ധതിയ്ക്കാണ് റിലയൻസ് രൂപം കൊടുത്തിരിക്കുന്നത്.
കമ്പനിയുടെ തീരുമാനത്തിന് മുൻപ് സ്വന്തം ചെലവിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് ഇതിന്റെ ചെലവ് മുഴുവൻ റിലയൻസ് തിരികെ നൽകും. ഇതുവരെ റിലയൻസിന്റെ 3.30 ലക്ഷത്തിലധികം ജീവനക്കാർക്ക് വാക്‌സിൻ നൽകി കഴിഞ്ഞു. ജൂൺ 15ന് മുൻപ് എല്ലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ആദ്യ ഡോസ് വാക്‌സിനേഷൻ നൽകാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.