ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടി; പ്രളയരക്ഷകന് ജെയ്സലിനെതിരെ കേസ്
മലപ്പുറം : താനൂര്‍ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ജെയ്സല്‍ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് ചവിട്ടിക്കയറാന്‍ സ്വന്തം പുറം(മുതുക്) കാട്ടിക്കൊടുത്ത ജെയ്സല്‍ ശ്രദ്ധേയനായിരുന്നു. താനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്.
താനൂര്‍ തൂവല്‍ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിര്‍ത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാല്‍ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിള്‍ പേ വഴി അയ്യായിരം രൂപ നല്‍കിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി.
ജെയ്സലിനും കണ്ടാല്‍ തിരിച്ചറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് താനൂര്‍ പൊലീസ് കേസെടുത്തത്. എന്നാല്‍ താന്‍ നാട്ടിലില്ലെന്നാണ് ജെയ്സല്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.