കൊച്ചിയുടെ യാത്രാക്ലേശത്തിന് ശാപമോക്ഷം, മേൽപ്പാലങ്ങൾ തുറന്നു.

കൊച്ചി/കൊച്ചിയുടെ യാത്രാക്ലേശത്തിന് വിവാദങ്ങൾക്ക് ഒടുവിൽ ഏറെക്കുറെ ശാപമോക്ഷം. നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കാത്ത് കിടന്ന വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ യാത്രക്കാർക്കായി തുറന്നു കൊടുത്തു. മുഖ്യ മന്ത്രി ഓൺലൈനിലൂടെ ആണ് മേൽപാലങ്ങൾ സമർപ്പിച്ചത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു.
അതിവേഗം വികസിച്ചു വരുന്ന എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്ന പ്രതീക്ഷയോടെയാണ് വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ ഇന്നു തുറന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കുണ്ടന്നൂരിനെ സംബന്ധിച്ച് ഇരട്ട ഗുണമാണ് മേൽപാലം വന്നതോടെ ഉണ്ടായിട്ടുള്ളത്. കനത്ത ഗതാഗതക്കുരുക്കിന് ശമാനമാകുന്നതിനൊപ്പം ദേശീയപാതയിലൂടെയുള്ള സഞ്ചാരത്തിന് സിഗ്നൽ ആവശ്യമില്ലെന്ന നേട്ടവും ഉണ്ട്. മണിക്കൂറിൽ പതിനായിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പ്രദേശങ്ങളിലെ യാത്ര ദുരിതത്തിനാണ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പരിഹാരമായിരിക്കുന്നത്.
സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പാലങ്ങൾ നിർമിച്ചതിനാൽ ടോൾ പിരിവെന്ന വലിയൊരു കടമ്പയാണ് ജനത്തിന് ഒഴിവായത്. പതിനെട്ട് മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു പൊതുമരാമത്ത് വകുപ്പ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. നിരവധി പ്രതിസന്ധികൾക്കിടയിൽ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പാലങ്ങളുടെ നിർമ്മാണത്തിന്റെ മുഴുവൻ ക്രെഡിറ്റും പൊതുമരാമത്ത് വകുപ്പിനാണ്. അത് ഉദ്ഘാടന വേദിയിൽ ഉയർത്തി പറഞ്ഞു വകുപ്പിനെ ഒന്ന് പുകഴ്‌ത്താനും മുഖ്യമന്ത്രി മുഖ്യ മന്ത്രി പ്രത്യേകം ശ്രദ്ധിച്ചു.
നിർമ്മാണ കാലയളവ് നീണ്ടെങ്കിലും എസ്റ്റിമേറ്റ് തുകയേക്കാൾ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് വൈറ്റിലയിൽ മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കിയത്. പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് 2017 ഓഗസ്റ്റ് 31ന് ലഭിച്ചത്. 2017 സെപ്‌തംബറിൽ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. 2017 നവംബർ 17നാണ് 78.36 കോടി നിർമ്മാണച്ചെലവ് ക്വോട്ട് ചെയ്ത ശ്രീധന്യ കൺസ്ട്രക്ഷൻസ് കമ്പനിയെ വൈറ്റില മേൽപാലത്തിന്റെ നിർമ്മാണ കരാർ ഏൽപ്പിക്കുന്നത്. ശ്രീധന്യ കൺസ്ട്രക്ഷൻസ് കമ്പനി ഉപകരാർ നൽകിയ രാഹുൽ കൺസ്ട്രക്ഷൻ സായിരുന്നു നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല നിർവഹിച്ചത്.