ആണ്‍ സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി രണ്ടുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്ന് പെണ്‍കുട്ടികളുടെ മൂന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളി.

ആണ്‍ സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി രണ്ടുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പെണ്‍കുട്ടികളുടെ മൂന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ കോടതി തള്ളി. 2019 ഡിസംബര്‍ 2 ന് നടന്ന സംഭവത്തില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനികൾ കോടതിയെ സമീപിക്കുകയായിരുന്നു. ക്വട്ടേഷന്‍ ഗുണ്ടകളെ വിട്ട് രണ്ട് ആണ്‍സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോകുകയും രണ്ടുലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരേ ഉള്ള പരാതി.
2019 ഡിസംബറിലായിരുന്നു സംഭവം. മൂന്ന് പെണ്‍കുട്ടികുടെ കൂട്ടുകാരനായ യുവാവിനെ കൂട്ടുകാരിയുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കല്യാണമണ്ഡപത്തില്‍ എത്താന്‍ ആവശ്യപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ വിളിച്ചത് അനുസരിച്ച് കൂട്ടുകാരന്‍ എത്തിയത് മറ്റൊരു കൂട്ടുകാരനെയും കൂടിയായിരുന്നു. ഇവര്‍ എത്തിയതും നാലു പേര്‍ പെട്ടെന്ന് ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തു. രണ്ടു ലക്ഷം രൂപ മോചന ദ്രവ്യവും ഇരയുടെ ലാപ്‌ടോപ്പില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇരകളുമായി അക്രമിസംഘം ഹസന്‍ റോഡിലെ യെദിയൂരില്‍ എത്തിയപ്പോള്‍ ഇര രക്ഷപ്പെട്ടു.
പ്രധാന ഇര രക്ഷപ്പെട്ടതോടെ പിറ്റേന്ന് രാവിലെ മറ്റേയാളെയേയും അക്രമിസംഘം മോചിപ്പിച്ചു. ഇതോടെ ഇവര്‍ പെണ്‍കുട്ടികള്‍ക്കെതിരേ പിന്നീട് പരാതിയുമായി അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്‌റ്റേഷനെ സമീപിച്ചു. അന്വേഷണത്തില്‍ യുവാവ് മൂന്ന് പെണ്‍കുട്ടികളുമായി സൗഹൃദത്തലാണെന്ന് കണ്ടെത്തി. ഇവര്‍ പെണ്‍കുട്ടികള്‍ ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെ പെണ്‍കുട്ടികള്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രാദേശിക കോടതിയെ സമീപിച്ചു. എന്നാല്‍ അറസ്റ്റ് ഭയന്ന പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. പരാതിക്കാര്‍ നിരപരാധികള്‍ ആണെന്നും അവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടരുതെന്നും അവരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അവര്‍ കുറ്റം ചെയ്യാതെ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അവരുടെ ഭാവി ജീവിതത്തെ തന്നെ അത് ബാധിക്കും എന്നും വ്യക്തമാക്കി. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാതെ ജാമ്യം നല്‍കിയാല്‍ അവര്‍ ഇരകളെ ഭീഷണിപ്പെടുത്താനും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ വീണ്ടും നടത്താനും സാധ്യതയുണ്ടെന്ന് പബ്‌ളിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇതോടെ ഇവരുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. പെണ്‍കുട്ടികള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥിനികളാണ്.