ഓപ്പറേഷന് നുംഖോർ : സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ശില്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടിച്ചെടുത്തു
ഫെബ്രുവരിയിലാണ് രൂപമാറ്റം വരുത്തുന്നതിനായി ശില്പ ലാന്‍ഡ് ക്രൂസര്‍ ഗാരിജില്‍ എത്തിച്ചത്.

ഇടുക്കി : ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ശില്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിയായ ശില്പയുടെ വാഹനം ഇടുക്കി അടിമാലിയിലെ ഗാരിജില്‍ നിന്നാണ് പിടികൂടിയത്. ഫെബ്രുവരിയിലാണ് രൂപമാറ്റം വരുത്തുന്നതിനായി ശില്പ ലാന്‍ഡ് ക്രൂസര്‍ ഗാരിജില്‍ എത്തിച്ചത്. ഒരു ലക്ഷം രൂപയുടെ മോഡിഫിക്കേഷന് വാഹനത്തില്‍ ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.
ഭൂട്ടാന് വാഹനമാണോ എന്നറിയില്ലെന്നും തനിക്ക് മുന്‍പ് ഈ വാഹനത്തിന് അഞ്ച് ഉടമസ്ഥരുണ്ടായിരുന്നുവെന്നും ശില്പ കസ്റ്റംസിന് മൊഴി നല്കി. തിരൂര്‍ സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപയ്ക്കാണ് 2023 സെപ്റ്റംബറില്‍ വാഹനം വാങ്ങിയതെന്ന് ശില്പ പറയുന്നു. അതിന് മുന്‍പ് കോയമ്പത്തൂര്‍, കര്‍ണാടക സ്വദേശികളായിരുന്നു വാഹനത്തിന്റെ ഉടമസ്ഥരെന്നുമാണ് വിശദീകരണം. ക്രമക്കേടുകളെ കുറിച്ച് തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കി. വാഹനം കസ്റ്റംസ് പരിശോധിക്കുകയാണ്. ശില്പയെയും വിശദമായി ചോദ്യം ചെയ്യും.
Operation NUNKHOR: Customs seized the Land Cruiser of social media influencer Shilpa Surendran.