ചെട്ടിമുടി ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 21 പേരെ മരണം ഒരുമിച്ചു കൊണ്ടുപോയി.

മുന്നാറിലെ ചെട്ടിമുടി ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 21 പേരെ മരണം ഒരുമിച്ചു കൂട്ടികൊണ്ടു പോയി. ഒന്നിച്ചു ജീവിച്ച് ഒന്നിച്ച് മരണം പുല്‍കാനായിരുന്നു അവര്‍ക്കു വിധി. നാലു പതിറ്റാണ്ടു മുമ്പ് മുന്‍ഗാമികള്‍ കണ്ടെത്തിയ വാസസ്ഥലത്തിനൊപ്പം വിധി അവരെയും കവര്‍ന്നെടുക്കുകയായിരുന്നു. മൂന്നാര്‍ ചെട്ടിമുടി ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് മയില്‍സ്വാമിയുടെ കുടുംബത്തിലായിരുന്നു. മൊത്തം ഇരുപത്തതൊന്നുപേർ. ദുരന്തത്തില്‍ മയില്‍സ്വാമിയും ചേട്ടന്മാരായ ഗണേശും അനന്തശിവവും ഭാര്യമാരും മക്കളുമൊക്കെ മണ്ണിനടിയിലായി.
വ്യാഴാഴ്ച കനത്ത മഴ ഈ പ്രദേശത്തിന് ഭീതി പകര്‍ന്ന പുതുമയായിരുന്നു. തികച്ചും സുരക്ഷിതമെന്നു തോന്നിയ സ്ഥലമായിരുന്നു പെട്ടിമുടിയിലെ തേയില എസ്റ്റേറ്റ്. മയില്‍ സ്വാമിയും ഗണേശും 14 വര്‍ഷമായി വനംവകുപ്പിന്റെ ഡ്രൈവര്‍മാരായിരുന്നു. രാത്രി പതിനൊന്നരയോടെ ലയത്തിനു മുന്നിലെ ചായക്കടയ്ക്കു സമീപം ജീപ്പ് പാര്‍ക്ക് ചെയ്ത് മഴ ആസ്വദിച്ച് മറ്റുള്ളവര്‍ക്കൊപ്പം ചായ കുടിച്ചു നില്‍ക്കുമ്പോഴാണ് മലമുകളിലെ തേയില തോട്ടത്തില്‍ നിന്ന് ദുരന്തം ആര്‍ത്തലച്ചു വന്നത്.
തിരുനല്‍വേലിയിലെ കയത്താര്‍ എന്ന സ്ഥലത്തു നിന്നാണ് മയില്‍സ്വാമിയുടെ പൂര്‍വികര്‍ 60ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്നാറില്‍ തേയില തോട്ടത്തില്‍ ജോലിക്കെത്തിയത്. സഹോദരന് അനന്തശിവം പിന്നീട് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ആകുകയും ചെയ്തു. ആദ്യം സെവന് മല എസ്റ്റേറ്റും പിന്നീട് പെട്ടിമുടി എസ്റ്റേറ്റുമാണ് ടാറ്റാ കമ്പനിയായി മാറുന്നത്. മയില്‍സ്വാമിയുടെ കുടുംബത്തിലെ പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ എല്ലാവരും മരിച്ചു. ഇന്നലെ തിരച്ചിലില്‍ മയില്‍സ്വാമിയുടെയും ഗണേശിന്റെയും മൃതദേഹങ്ങള്‍ കിട്ടി. അനന്തശിവത്തിനും മറ്റുള്ളവര്‍ക്കുമായി തിരച്ചില്‍ തുടരുന്നു. ഇവരുടെ ബന്ധുക്കള്‍ തിരച്ചില്‍ സ്ഥലത്ത് കാത്ത് നിൽക്കുകയാണ്. ജ്യേഷ്ഠാനുജത്തിമാരും, ഭര്ത്താക്കന്മാരും,മക്കളും ഒക്കെ മരിച്ചു. ചേച്ചിയുടെയും അനുജത്തിയുടെയും ഉള്‍പ്പെടെ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേര്‍ ഒന്നിച്ചു യാത്രയായി.
സഹോദരിമാര്‍ ഉള്‍പ്പെടുന്ന രണ്ട് കുടുംബങ്ങളിലെ ഒമ്പതുപേരെയും,മരണം കൈപിടിച്ച് കൊണ്ടുപോയി. കുളമാംഗൈ ചൊക്കമുടി എസ്റ്റേറ്റിലെ മാടസ്വാമിയുടെ കുടുംബാംഗങ്ങളാണിവര്‍. ഈ കുടുംബങ്ങളിലെ രണ്ട് പെണ്‍കുട്ടികള്‍ തമിഴ്നാട്ടില്‍ നഴ്സിംഗ് പഠിക്കുകയായിരുന്നു. കോവിഡ് സാഹചര്യത്തില്‍ കുട്ടികളെല്ലാവരും വീട്ടില്‍ എത്തി ഒരാഴ്ച പിന്നിട്ടപ്പോഴാണ് അവരെ മരണം കൂട്ടിക്കൊണ്ടു പോകുന്നത്.