കെഎസ്യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം,മൊട്ടയടിച്ച് ദേശീയ ഗെയിംസ് ജേതാക്കള്‍
തിരുവനന്തപുരം: കെഎസ്യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമെന്ന് റിപ്പോര്‍ട്ട്. കൂടാതെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ട്രോള് റൂം സിഐ എസി സദന് ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എന്എസ്യു നേതാവ് എറിക് സ്റ്റീഫന്‍ എന്നിവരുമുണ്ട്.
വാദ്ഗാനം ചെയ്ത ജോലി നല്‍കാത്തതിനെ തുടര്‍ന്ന് ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ക്ക് സെക്രട്ടറിയേറ്റിനു മുന്നിലെത്തി മൊട്ടയടിച്ച് പ്രതിഷേധിച്ചു. 2015ലെ ദേശീയ ഗെയിംസില്‍ ജേതാക്കളായവരാണ് ആറ് വര്‍ഷമായിട്ടും ജോലി കിട്ടാത്തതിനാല്‍ വ്യത്യസ്ത സമരമുറയുമായി അണിനിരന്നത്. പി.എസ്.സി പിന്‍വാതില്‍ നിയമനം വിവാദമാകുന്ന സാഹചര്യത്തിലാണ് പുതിയ സമരമുറയുമായി ഇവര്‍ രംഗത്തെത്തിയത്.

39 ദിവസമായി ഇവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ഇരിക്കുകയാണ്. ഇതുവരെ സമരക്കാരെ ഒന്ന് തിരിഞ്ഞ് നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഗ്രൂപ്പ് ഇനങ്ങളിലായി വെളളി, വെങ്കലം മെഡല്‍ ജേതാക്കളാണ് ഇവര്‍. ദേശീയ ഗെയിംസില്‍ കളിച്ചവരെ പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന വസ്തുത കേരളത്തെ ആകമാനം ഞെട്ടിക്കുന്നതാണ്.
താരങ്ങള്‍ക്ക് നിയമന ഉത്തരവ് നല്‍കിയെന്ന് പ്രഖ്യാപിച്ച് മന്ത്രി ഇ പി ജയരാജന് അടക്കമുളളവര്‍ ഇവരുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. അന്ന്, സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് സി.പി.എം ഈ നിയമന പ്രഖ്യാപനത്തെ കൊട്ടിഘോഷിച്ചിരുന്നു. 27 ഒഴിവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുളളൂവെന്നും 83 ഒഴിവുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ കായിക താരങ്ങള്‍ക്ക് നിയമന ഉത്തരവ് കൈമാറാന്‍ സാധിക്കുകയുളളൂവെന്നുമാണ് മന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ നല്കുന്ന വിശദീകരണം.



