ജസ്റ്റീസ് കെമാൽ പാഷക്ക് ഫോണിൽ തെറിയഭിഷേകം,അസഭ്യം പറഞ്ഞവരെ തിരിച്ചറിഞ്ഞു,നടപടി ഇല്ല.

കൊച്ചി / ഉദ്ഘാടനത്തിനു മുൻപ് പാലം തുറന്നവരെ പിന്തുണച്ചതിന്റെ പേരിൽ ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷക്ക് ഫോണിൽ തെറിയഭിഷേകം. അന്യ സംഥാന തൊഴിലാളികളുടെ ഉൾപ്പടെ മൊബൈൽ ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് അസഭ്യവാക്കുകൾ പറയുന്നതെന്ന കെമാൽ പാഷയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ, കഴിഞ്ഞ ദിവസം ഒരു ലോക്കൽ ലാൻഡ് നമ്പരിൽ നിന്നു വിളിച്ചും അസഭ്യം പറഞ്ഞത് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. അസഭ്യം പറച്ചിൽ നിലക്കാതെ തുടരുന്ന സാഹചര്യത്തിലാണ് കെമാൽ പാഷ പൊലീസിൽ പരാതി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ വരണമെന്നില്ല പാലം ഉദ്ഘാടനം ചെയ്യാൻ എന്നു കെമാൽ പാഷ പറഞ്ഞത് ആണ് ചിലരെ പ്രകോപിതനാക്കിയത്. അസഭ്യം പറഞ്ഞവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാൻ തയ്യാറായിട്ടില്ല. പിണറായിയുടെ പൊലീസിൽ നിന്ന് അത് പ്രതീക്ഷിക്കേണ്ടെന്നാണ് കെമാൽ പാഷ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചത്.ജനങ്ങൾ എന്തെങ്കിലും പറഞ്ഞാലോ പ്രതികരിച്ചാലോ അത് അരാഷ്ട്രീയവാദമാണ് എന്നു പറയുന്നത് ജനത്തെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ജനങ്ങൾക്ക് പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമുണ്ട്. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അടിച്ചമർത്താൻ ആർക്കും അവകാശമില്ല. ജനങ്ങളുടെ നിലപാടുകളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ഓമനപ്പേരാണ് അരാഷ്ട്രീയ വാദമെന്നു മേൽപ്പാലങ്ങളുടെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലുകൾക്ക് മറുപടിയായി കെമാൽ പാഷ പറഞ്ഞു.
രാഷ്ട്രത്തെ സംബന്ധിക്കുന്ന എല്ലാം രാഷ്ട്രീയമാണ്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നത് രാഷ്ട്രീയമാണ്. അത് കക്ഷി രാഷ്ട്രീയം തന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ല. കക്ഷി രാഷ്ട്രീയമെന്നു പറയുന്നതും രാഷ്ട്രീയമെന്നു പറയുന്നതും രണ്ടാണ്. ജനകീയ മുന്നേറ്റങ്ങളെ അരാഷ്ട്രീയവാദമെന്നു പറയുന്നത് വിവരം കെട്ടവരാണ്. ജനങ്ങളുടെ ഇഷ്ടം കൊണ്ടാണ് ഒരാളെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ പാർട്ടിയിൽ ഇല്ലാത്ത ഒരാളും ഇന്ത്യൻ പൗരനാണ്. അയാൾക്ക് മത്സരിക്കാം. ഇങ്ങനെ പറയുമ്പോൾ അരാഷ്ട്രീയവാദം എന്നു പറയുന്നതിൽ യാതൊരു അർഥവുമില്ല. അതിനെക്കുറിച്ച് കാഴ്ചപ്പാടു വേണം. അതില്ലാത്തതാണ് ഇവിടെ ഉള്ള പ്രശ്‍നം. ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ പറഞ്ഞു.