പെട്ടിമുടി ദുരന്തം മുന്നറിയിപ്പുകൾക്ക് പുല്ലുവില നൽകി,കെഎസ്ഡിഎ ക്കും,കളക്ടര്‍ക്കും, സബ് കളക്ടര്‍ക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നിട്ടും യാതൊരു കരുതൽ നടപടികളും സ്വീകരിച്ചില്ല.

മൂന്നാറിൽ രാജമലയിലെ പെട്ടിമുടി ഉരുള്‍പൊട്ടലിനിടയാക്കിയ കാലാവസ്ഥാ ഭൗമ മാറ്റങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സർക്കാരിനും, സംസ്ഥാന ദുരന്ത നിവാരണ ലഘൂകരണ ഭരണസംവിധാനങ്ങള്‍ക്കും ലഭിച്ചിരുന്നതായും, ഇത് മുഖവിലക്കെടുത്തില്ലെന്നും, കരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നുമുള്ള വിവരം പുറത്ത്. അമൃത സർവ്വകലാശാലയിലെ സാങ്കേതിക വിദഗ്ദ്ധൻ പെട്ടിമുടി ഉരുൾപൊട്ടൽ സംഭവിക്കും എന്ന തങ്ങൾക്ക് കിട്ടിയ മുന്നറിയിപ്പുകൾ സർക്കാരിന് കൈമാറിയെങ്കിലും,അത് നിരസിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തില്ല.
കെഎസ്ഡിഎ ക്കും, കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ ഉണ്ടായ രാഷ്ട്രീയ ഉദ്യോഗസ്ഥ അനാസ്ഥ പെട്ടിമുടിയിലെ ദുരന്തത്തിന് കാരണമാവുകയായിരുന്നു. മുന്നറിയിപ്പ് നൽകിയത് ഒരു സ്വകാര്യ സർവ്വകലാ ശാലയിലെ വിദഗ്ധർ ആയിരുന്നതിനാലാണ് മുന്‍കരുതലെടുക്കാതിരുന്നത്. മുന്നറിയിപ്പ് പ്രകാരം പേട്ടിമുടിയിലെ ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നെങ്കിൽ ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടാവില്ല എന്നാണു ഇത് ചൂണ്ടിക്കാട്ടുന്നത്. ദുരന്ത നിവാരണലഘൂ കരണ സമിതിയുടെ പ്രവര്‍ത്തന മാനദണ്ഡങ്ങളില്‍ അടിയന്തിരമായി മാറ്റം വേണമെന്നാണ് ഇക്കാര്യത്തിൽ വിദഗ്ധർ ആവശ്യപ്പെടുന്നത്.
പത്തു വര്‍ഷം മുമ്പ് മുതൽ അമൃത സര്‍വകലാശാലയുടെ വയര്‍ലെസ് നെറ്റ്‌വര്‍ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡിപ്പാർട്ട്മെന്റ് സംവിധാനം ഇടുക്കി ജില്ലയുടെ വിവിധ തലത്തിലുള്ള കാലാവസ്ഥാഭേദ സൂചനകള്‍ നല്‍കി വരുന്നുണ്ട്. സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു നല്‍കുന്നതിന് വൻ തുക മുടക്കി സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിനെ പറ്റി ആലോചിക്കുമ്പോഴാണ്, ഒരു പൈസ പോലും ചെലവില്ലാതെ ഇടുക്കി ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കാലാവസ്ഥാഭേദ സൂചനകള്‍ നല്‍കുന്ന സംവിധാനം ഇപ്പോൾ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
മഴകൊണ്ടുള്ള വ്യതിയാനങ്ങളെപ്പറ്റിയും, അത് ഭൂമിക്കടിയിലുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റിയും, ഭൂമിക്കടിയില്‍ മര്‍ദംകൂടി ഉരുള്‍പൊട്ടല്‍ സാധ്യത എത്രമാത്രം തുടങ്ങി, വിവിധ കാര്യങ്ങള്‍ അറിയാനുള്ള പഠനങ്ങളാണ് അമൃത ഇൻസ്റ്റിട്യൂട്ട് നടത്തിവരുന്നത്. ഇതിന് വിവിധ സ്ഥലങ്ങളില്‍ അമൃത സെന്‍സര്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് ഔദ്യോഗിക കേന്ദ്രങ്ങൾക്ക് പോലും അറിയിപ്പു നല്‍കാറുള്ളത്.
ആഗസ്റ്റ് ആറിന് ഉച്ചയോടെ കിട്ടിയ വിവര പ്രകാരം കനത്ത മഴ നിന്നിരുന്നു. പക്ഷേ മണ്ണില്‍ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങി. മണ്ണിനിയില്‍ രണ്ടു ഘട്ടങ്ങളിലായി മര്‍ദമാറ്റമുണ്ടെന്ന് മനസിലാക്കുകയും ചെയ്തു. മൂന്നും നാലും ലവലില്‍ മര്‍ദം കൂടുമ്പോൾ മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുള്‍ പൊട്ടലാവുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ കിട്ടുന്ന വിവര പ്രകാരം വേണമെങ്കില്‍ തയ്യാറെടുപ്പ് നടത്താവുന്നതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ്‌സ്ലൈഡ് ഹസാഡ് മാപ് പ്രകാരം ഈ ഒരുക്കം നടത്താമായിരുന്നു. സെന്‍സര്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശത്തുനിന്നുള്ള വിവരം ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 2.51 ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ഇ മെയില്‍വഴി അമൃത ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധർ അറിയിച്ചിരുന്നു. കെഎസ്ഡിഎ, ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ്കളക്ടര്‍ എന്നിവരെയും വിവരം അറിയിച്ചു. സെന്‍സറുകള്‍ നല്‍കിയ അടുത്ത സന്ദേശം ആഗസ്റ്റ് ഏഴിന് പുലര്‍ച്ചെ 12 മണിക്കായിരുന്നു. കൂടുതല്‍ അപകട സാധ്യതയ്ക്കിടയുള്ള ഈ വിവരം 12.38 ന് കെഎസ്ഡിഎ ഉള്‍പ്പെടെ സംസ്ഥാന അധികൃതരെ അമൃത ഇൻസ്റ്റിട്യൂട്ട് വീണ്ടും അറിയിക്കുകയായിരുന്നു. തുടർന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടാവുന്നത്.
ദുരന്ത സാധ്യതയെ പറ്റി പത്തുമണിക്കൂറിലേറെ മുമ്പേ കിട്ടിയ മുന്നറിയിപ്പു പ്രകാരം പ്രവര്‍ത്തിക്കാനായില്ല എന്നത് ഗുരുതര വീഴ്ചയായിട്ടുവേണം കരുതാൻ. ദുരന്തത്തിനിടയാക്കിയ പലകാര്യങ്ങളില്‍ മുഖ്യമാണിത്.
സംസ്ഥാന സര്‍ക്കാരിന് ഇത്രയും ആധുനിക സംവിധാനമില്ല. പത്തു വര്‍ഷം മുമ്പ് യുറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സ്ഥാപനത്തിന് കാലാവസ്ഥാ ഗവേഷണത്തിന് നല്‍കിയ സഹായത്തോടൊപ്പം അമൃതാനന്ദമയി മഠത്തിന്റെ സഹായവും ചേർത്താണ് ഈ ഗവേഷണനിരീക്ഷണ സംവിധാനം അമൃത ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തമാക്കുന്നത്. ഓരോ വര്‍ഷവും മഴയ്ക്കുമുമ്പ് ഇതിനായുള്ള സെന്‍സറുകളും മറ്റ് ഉപകരണങ്ങളും
അമൃത കൃത്യമായി അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കാറുമുണ്ട്. ഈ വര്‍ഷം കൊറോണാ പ്രതിസന്ധിയിലും ഏറെ സാഹസം സഹിച്ചാണ് ഇതിനുള്ള യന്ത്രഭാഗങ്ങള്‍ ഉയരതിലുള്ള മലയിടുക്കുകളില്‍ വിദഗ്ധർ സ്ഥാപിക്കുന്നത്.
മുമ്പ് ഈ കാലാവസ്ഥാ മാറ്റ വിവരങ്ങളുടെ അിസ്ഥാനത്തില്‍ ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ബാധിക്കാന്‍ സാധ്യതയുള്ളവരെ ഡിപ്പാര്‍ട്ടുമെന്റ്‌നേരിട്ട് അറിയിക്കുമായിരുന്നു. അത് ജങ്ങൾക്ക് ഏറെ ഗുണം ചെയ്തിരുന്നു. വിവരം വിവിധ മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോഴാകട്ടെ ഇത്തരം അറിയിപ്പുകള്‍ കെഎസ്ഡിഎ വഴി ഔദ്യോഗികമായേ അറിയിക്കാവൂ എന്ന നിര്‍ദേശം വന്നതിനാല്‍ ഇപ്പോള്‍ അധികൃതരെ അറിയിക്കാൻ മാത്രമേ കഴിയുന്നുള്ളു. ഇത്തവണയും കെഎസ്ഡിഎ മറികടക്കാതെ യഥാസമയം അറിയിക്കുകയുണ്ടായി. കാലാവസ്ഥാ പഠന നിരീക്ഷണ രംഗത്ത് പരിമിതമായ സംവിധാനങ്ങളാണ് സംസ്ഥാന സർക്കാരിനുള്ളത്. ആധുനിക സാങ്കേതിക ഉപകാരങ്ങൾ ഒന്നും തന്നെയില്ല. പക്ഷേ, ഒരു പൈസയും ചെലവില്ലാതെ കിട്ടുന്ന നിര്‍ണായക വിവരങ്ങള്‍ വിനിയോഗിക്കാനും ഉപകാരപ്രദമാക്കാനും കഴിയാത്തതും, ഔദ്യോഗിക നിയന്ത്രണങ്ങള്‍ ഉണ്ടാക്കി, നിർണ്ണായക മുന്നറിയിപ്പുകൾക്ക് പുല്ലുവില പോലും കൽപ്പിക്കാതിരിക്കുന്നതും പെട്ടിമുടിയിലെ വൻ ദുരന്തത്തിന് കാരണമാവുകയായിരുന്നു.