‘2018ലെ ശബരിമല പ്രശ്നം ഏറെ വേദനിപ്പിച്ച സംഭവമാണ്; സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായി കൂടിയാലോചിച്ചേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ: ചുവടുമാറ്റി കടകംപള്ളി

തിരുവനന്തപുരം: 2018ലെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ വിഷയങ്ങള്‍ പരിഗണിക്കുന്ന സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും കൂടിയാലോചിച്ചേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകള്‍: ‘2018ലെ ശബരിമല പ്രശ്നം യഥാര്‍ത്ഥത്തില്‍ കേരളത്തെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ്. അതിനുശേഷം നിരവധി ഉത്സവങ്ങള്‍ അവിടെ നടന്നു. 2018ന് മുമ്പുള്ള തീര്‍ത്ഥാടന കാലത്തേക്കാള്‍ മനോഹരമായ ഉത്സവങ്ങള്‍ ആയിരുന്നു എന്ന് ഭക്തര്‍ തന്നെ പറഞ്ഞു. എല്ലാ തീര്‍ത്ഥാടനത്തിലും നിരവധി തവണ പങ്കെടുത്ത ആളാണ് ഞാന്‍. 2018ലെ സംഭവം ഏറെ വേദനിപ്പിച്ച സംഭവമാണ്. ദുഃഖിപ്പിച്ച സംഭവമാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ്.’
‘സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ കക്ഷികളുമായെല്ലാം കൂടിയാലോചിച്ചേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ.’ -മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.