‘ഒരാൾക്ക് അഞ്ച് വോട്ട് വരെ’; വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ചെന്നിത്തല: ആരോപണം ശരിയെങ്കിൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ളവോട്ടർമാരെ തിരുകിക്കയറ്റിയതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“പല മണ്ഡലങ്ങളിലും ഒരേ വ്യക്തിയെത്തന്നെ പലതവണ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇരട്ടിപ്പു വന്ന ഈ പേരുകളെല്ലാം ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ നേരിൽ കണ്ട് പരാതിപ്പെട്ടു. വോട്ടർ പട്ടികയിൽ ഒരേ മണ്ഡലത്തിൽ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേർത്തിരിക്കുകയാണ്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങൾ വരുത്തിയിട്ടുമുണ്ട്,” ചെന്നിത്തല ആരോപിച്ചു.
കാസർഗോട്ടെ ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ചുതവണ ചേർക്കപ്പെട്ടിരിക്കുകയാണ്. ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രറൽ ഐഡി കാർഡുകളും വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവർത്തകർ രാപ്പകൽ ഇല്ലാതെ കഠിനാധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
“കഴക്കൂട്ടം മണ്ഡലത്തിൽ 4,506 കള്ളവോട്ടർമാരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തിൽ 2,534, തൃക്കരിപ്പൂർ 1,436, കൊയിലാണ്ടിയിൽ 4,611, നാദാപുരത്ത് 6,171, കൂത്തുപറബിൽ 3,525, അമ്പലപ്പുഴയിൽ 4,750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടർമാരുടെ എണ്ണം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജ വോട്ടർമാരെ ചേർത്തിരിക്കുകയാണ്,”
സംസ്ഥാനതലത്തിൽ വ്യക്തമായ ഗൂഢാലോചനയോടെയാണ് കള്ളവോട്ടർമാരെ സൃഷ്ടിക്കുന്നതിനുള്ള ഈ പ്രക്രിയ നടന്നിരിക്കുന്നത്. വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഒരേ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരേ മണ്ഡലത്തിൽ തന്നെ നിരവധി തവണ കള്ള വോട്ടർമാരെ സൃഷ്ടിക്കാനാവില്ല. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിട്ടുള്ളതെന്ന് ന്യായമായും സംശയിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഗൂഢാലോചന നടത്തിയവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിടികൂടണമെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ കള്ളവോട്ടുകളെല്ലാം നീക്കം ചെയ്തശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയുടെ ആരോപണം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. ആരോപണം ശരിയെങ്കിൽ നടപടിയെടുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.