Latest NewsNational

ജിഷ കേസിന് പിന്നാലെ മറ്റൊരു അസം സ്വദേശി,വീട്ടമ്മയുടെ മരണത്തില്‍ വധശിക്ഷ

കൊച്ചി: ജിഷ വധക്കേസിന് പിന്നാലെയാണ് മറ്റൊരു അസം സ്വദേശി കൂടി സമാനമായ കേസില്‍ വധ ശിക്ഷയ്ക്ക് വിധേയമാകുന്നത്. 2016 ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിയായ ജിഷ കൊല്ലപ്പെട്ടത്. ഏറെ കോളിളക്കമുണ്ടായ കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചിരുന്നു. പെരുമ്ബാവൂരിലെ ഒരു കമ്ബനിയില്‍ ജോലിക്കാരനുമായിരുന്ന അമീറുല്‍ ഇസ്ലാം.

പറവൂര്‍ പുത്തന്‍വേലിക്കര മോളി വധക്കേസ് പ്രതിക്ക് വധശിക്ഷ. അസം സ്വദേശിയായ പരിമള്‍ സാഹു (മുന്ന -26)വിനാണ് പറവൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. മകനൊപ്പം താമസിച്ചിരുന്ന മോളി 2018 മാര്‍ച്ച്‌ 18നാണ് കൊല്ലപ്പെട്ടത്. അറുപത്തൊന്നുകാരിയായ മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് കോഴിക്കടയിലെ ഡ്രൈവറായിരുന്ന പരിമള്‍ ഏഴുമാസത്തോളം വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മോളി ചെറുത്തു. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

ഐ പി സി സെക്ഷന്‍ 376 എ പ്രകാരമാണ് കോടതി വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് മൂന്ന് വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക മോളിയുടെ ഭിന്നശേഷിക്കാരനായ മകന്‍ ഡെനിക്ക് (അപ്പു-32) നല്‍കാനാണ് ഉത്തരവ്.

സംഭവ ദിവസം പുലര്‍ച്ചെ വീടിനു മുന്നിലെ ലൈറ്റ് അഴിച്ചുമാറ്റിയ ശേഷം പ്രതി കോളിങ് ബെല്ലടിച്ചു. മോളി വാതില്‍ തുറന്നപ്പോള്‍ അകത്തുകടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പീഡനശ്രമം ചെറുത്തതോടെ പ്രതി മോളിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴുത്തില്‍ കുരുക്കിട്ടാണ് കൊല നടത്തിയത്.

മോളിയുടെ മൃതദേഹം മുറിയില്‍ കട്ടിലിന്റെയും ഭിത്തിയുടെയും ഇടയില്‍ ചോരയില്‍ കുളിച്ചനിലയിലായിരുന്നു അയല്‍വാസികള്‍ കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവുകളും കണ്ടു. പൊലീസും നാട്ടുകാരുമെത്തിയപ്പോള്‍ പിടിയിലായ പരിമളും സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിനിടെ മോളിയുടെ മകന്‍ പരിമളിന്റെ പേര് പലവട്ടം പറയുന്നതു കേട്ടാണ് പൊലീസ് അയാളെ ചോദ്യം ചെയ്തതും പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button