കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സിപിഎം സമ്മേളനം
തിരുവല്ല: ഭരിക്കുന്ന പാര്‍ട്ടിക്ക് കോവിഡ് വരില്ലെന്ന നിലപാടുമായി സിപിഎം. ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ചാണ് തിരുവല്ല കുറ്റൂരില്‍ സിപിഎം പൊതുയോഗം നടത്തിയത്. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന പരിപാടി ഒരു വലിയ ആള്‍ക്കൂട്ടമായി മാറി.
അവശ്യസര്‍വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞായറാഴ്ച സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പാക്കുമ്പോള്‍ ആണ് എല്ലാ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് സിപിഎമ്മിന്റെ പരിപാടി നടന്നത്. പാര്‍ട്ടിയിലേക്ക് പുതുതായി ചേര്‍ന്നവര്‍ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ. അനന്തഗോപന്‍, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവരടക്കുമുള്ള നേതാക്കളാണ് ലോക്ക്ഡൗണ്‍ ലംഘനത്തിന് എത്തിയിരുന്നത്. സിപിഎം സര്‍ക്കാര്‍ നടപ്പാക്കിയ പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ പാര്‍ട്ടി അണികള്‍ തന്നെ രംഗത്തെത്തിയത് വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പരിപാടിയെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചടക്കം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പോലീസ് കേസ് എടുക്കാന്‍ മടിക്കുന്നതായാണ് വിവരം. എന്നാല്‍ പരിപാടിക്ക് ധാരാളം പേര്‍ എത്തിയിരുന്നുവെങ്കിലും ആള്‍ക്കൂട്ടമുണ്ടായിട്ടില്ലെന്നാണ് കെ.പി.ഉദയഭാനു പറയുന്നത്.
പരിപാടിക്ക് വന്നവര്‍ മാലയിട്ട് മാറി നില്‍ക്കുകയായിരുന്നുവത്രെ. കഴിഞ്ഞ കുറേദിവസമായി മിഷന്‍ സിപിഎം എന്ന പേരില്‍ വിവിധ രാഷ്ട്രീയകക്ഷികളില്‍ നിന്നുള്ളവരെ സിപിഎമ്മിലേക്ക് ചേര്‍ക്കുന്ന പ്രത്യേക പരിപാടി നടന്നുവരികയാണ്. എന്നാല്‍ എന്തുകൊണ്ട് ലോക്ക്ഡൗണ്‍ ദിനത്തില്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.