12 ലക്ഷം കൊടുത്തിട്ടും ജഡ്ജി കേസ് ഒതുക്കിയില്ല,

തൃശൂർ/ കേസൊതുക്കുമെന്ന പ്രതീക്ഷയിൽ 12 ലക്ഷം കൊടുത്തിട്ടും ജഡ്ജി കേസ് ഒതുക്കിയില്ല. പിന്നീടാണ് അറിഞ്ഞത് ജഡ്ജി വ്യാജനെന്ന്. സുപ്രിംകോടതി ജഡ്ജി ചമഞ്ഞ് കെയിൻ അപകടം സംബന്ധിച്ച കേസ് ഇല്ലാതാക്കാമെന്നു കബളിപ്പിച്ച് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ വിരുതൻ തൃശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയിലാവുമ്പോഴാണ് വ്യാജ ജഡ്ജിയുടെ കഥ പുറത്ത് വരുന്നത്. തൃശൂര്‍ പാലിയേക്കര സ്വദേശിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ കണ്ണൂര്‍ സ്വദേശി ജഗീഷ് (37) ആണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ജഗീഷ്, സുപ്രിംകോടതി ജഡ്ജിയുടെ പേരില്‍ തട്ടിപ്പ് നടത്തുകയായിരുന്നു.
2019 ൽ പാലിയേക്കരയിലുള്ള കെയിൻ സർവീസ് സ്ഥാപനത്തിന്റെ ക്രെയിൻ റോപ്പ് പൊട്ടി വീണ് ഒരാൾ മരണപ്പെടുകയും ഒരാൾക്ക് പരിക്ക് പറ്റിയതുമായി ബന്ധപെട്ടു പുതുക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സ് റദ്ദാക്കിത്തരാം എന്നാണ് കെയിൻ സർവീസ് ഉടമയെ ജഗീഷ് പറഞ്ഞു വിശ്വസിപ്പിക്കുന്നത്. തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജി ഉണ്ടെന്നും എല്ലാം ശരിയാക്കിതരുമെന്നും പറഞ്ഞ് കെയിൻ സർവീസ് ഉടമയെ വിശ്വസിപ്പിച്ച് പന്ത്രണ്ടര ലക്ഷം രൂപ ജഗീഷ് തട്ടിയെടുക്കുകയായിരുന്നു.
ടോൾ പ്ലാസക്ക് സമീപം പണം വാങ്ങാൻ ജിഗീഷ് ജഡ്ജി ചമഞ്ഞ് ആദ്യം ബെൻസ് കാറിൽ ആണ് എത്തുന്നത്. ആദ്യ ഗഡുവായി ചോദിച്ച അഞ്ചുലക്ഷം ബാങ്കിൽ ഇടാൻ അക്കൗണ്ട് നമ്പർ ചോദിക്കുമ്പോൾ, ജഡ്ജി ആയതിൽ അത് ശരിയാവില്ലെന്നും, നേരിൽ കൈമാറിയാൽ മതിയെന്നും പറയുകയായിരുന്നു. സുപ്രീം കോടതി ജഡ്ജി ആയതിനാൽ പൈസ അക്കൗണ്ട് വഴി വാങ്ങുന്നത് പ്രോട്ടോക്കോൾ ലംഘനമായതിനാൽ നേരിട്ട് പൈസ തന്നാൽ മതി എന്നും നിങ്ങൾ ക്രിസ്ത്യൻ വിശ്വാസികളായതിനാൽ പള്ളിയുടെ മുന്നിൽ വെച്ച് നൽകിയാൽ മതിയെന്നുമാണ് പറയുന്നത്. തുടർന്നാണ് ആദ്യ ഗഡുവായ അഞ്ചര ലക്ഷം രൂപ നേരിട്ട് വാങ്ങുന്നത്. പിന്നീടൊരു ദിവസം ദിവസം എത്തി ടോൾ പ്ലാസക്ക് സമീപം വച്ച് ബാക്കി തുക വാങ്ങുമ്പോൾ, ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിന്റെ ഓർഡർ കിട്ടും എന്നാണ് പറഞ്ഞിരുന്നത്.
ഉടൻ നടക്കുമെന്ന് ജഗീഷ് പറഞ്ഞിരുന്ന കേസ് റദ്ദാക്കൽ നടക്കാതായപ്പോൾ താൻ ഡൽഹിയിൽ ആണെന്ന് പറഞ്ഞ് ജഗീഷ് ഒഴിഞ്ഞ് മാറുകയായിരുന്നു. വിഷയത്തെ ചൊല്ലി തർക്കമായപ്പോൾ പണം തിരികെ നൽകാമെന്ന് പറഞ്ഞു മറ്റൊരാളുടെ പേരിലുള്ള ചെക്ക് നൽകി. ചെക്ക് ബാങ്കിൽ പണം ഇല്ലാതെ മടങ്ങി. കബളിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ ക്രെയിൻ ഉടമ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ തുടർന്ന് പരാതി നൽകുകയുമായിരുന്നു.
ജഗീഷിനെതിരെയുള്ള പരാതിയിൽ പോലീസ് അന്വേഷണം നടത്തുമ്പോഴാണ് നിരവധി തട്ടിപ്പ് കേസുകളിൽ അയാൾ പ്രതിയാണെന്ന് പൊലീസിന് അറിയാനാവുന്നത്.
2015 ൽ വളപട്ടണം സ്റ്റേഷനിൽ ഒരു യുവാവിനെ കാറ് വാങ്ങി വഞ്ചിച്ച കേസ്, 2018 ൽ തളിപറമ്പിൽ ഒരു യുവാവിന് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു പണം തട്ടിയ കേസ്, ഒരു യുവാവിന് സെൻടൽ വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്, രണ്ടു യുവാക്കൾക്ക് സെൻട്രൽ ഗവൺമെന്റ് സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്, മറ്റൊരു യുവാവിന് പൊലീസിൽ ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസ്, വനം വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്, കെ എസ് ആർ ടി സി യിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്, കേരള സർക്കാറിന്റെ വ്യാജ സീലും മുദ്രകളും ഉണ്ടാക്കി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസ്, ഉൾപ്പടെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ജഗീഷിന്റെ പേരിൽ ഉള്ളത്.
പത്താം ക്ലാസ് തോറ്റു കണ്ണൂരിലെ ഒരു ഐ ടി സി യിൽ രണ്ട് വർഷത്തെ കോഴ്‌സ് ചെയ്ത ജിഗീഷ് തുടർന്ന് നാല് വർഷം ഡാൻസ് ട്രൂപ്പ് നടത്തുകയും പിന്നീട് ഒരു കേബിൾ വിഷന്റെ ലോക്കൽ റിപ്പോർട്ടറായി ജോലി ചെയ്യുകയും ചെയ്തിരുന്നു.ആർഭാടമായ ജീവിത ശൈലിയായിരുന്നു ഇയാളുടെ മുഖ മുദ്ര. ചാലക്കുടി ഡിവൈഎസ്‌പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പുതുക്കാട് സി ഐ .ടി .എൻ ഉണ്ണിക്കൃഷ്ണൻ സബ് ഇൻസ്‌പെക്ടർമാരായ സിദ്ദിഖ് അബ്ദുൾഖാദർ, സുരേഷ് . കെ എൻ , പി പി.ബാബു, ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ പി.എം മൂസ, മുഹമ്മദ് റാഷി, വി.യു സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ജിനു മോൻ തച്ചേത്ത് , സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്,സൈബർ വിദഗ്ധരായ ബിനു എം.ജെ, മനു കൃഷ്ണൻ എന്നിവരടങ്ങിയ പ്രത്യേക പോലീസ് ടീമാണ് ജിഗീഷിനെ അറസ്റ്റ് ചെയ്യുന്നത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അന്നമനയിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന ജിഗീഷിനെ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.