കൈക്കൂപ്പി ഹലോ എന്നു പറഞ്ഞു രാഹുല്‍ഗാന്ധി ഓട്ടോയിലേക്ക് കയറി!; അമ്പരപ്പ് മാറാതെ ഷെരീഫ്
രാഹുല്‍ഗാന്ധിയുമായി ഇന്ന് മ്മ്ള് ഒരു ഒന്നൊന്നര ഓട്ടം പോയെന്ന്’ ഫോണിലൂടെ പറഞ്ഞപ്പോള്‍, ഇങ്ങളെന്തു തള്ളാണ് ഇക്കായെന്നായിരുന്നു ഭാര്യ നിഷിദയുടെ മറുപടി, ഒടുവില്‍ ചാനലുകളില്‍ വാര്‍ത്ത കണ്ടതോടെയാണു സംഭവം സത്യമാണെന്നു ഓള്‍ക്കു മനസ്സിലായത്.
അപ്രതീക്ഷിതമായി തന്റെ ഓട്ടോയില്‍ രാഹുല്‍ഗാന്ധി യാത്ര ചെയ്തതിന്റെ ഞെട്ടലില്‍ നിന്നും ഓട്ടോറിക്ഷാ ഡ്രൈവറായ എടപ്പെട്ടി സ്വദേശി വി.വി. ഷെരീഫ് ഇതുവരെയായിട്ടും മുക്തനായിട്ടില്ല.
”മൂപ്പര്‍ടെ മുഖം അടുത്തൂന്ന് ഒന്നു കാണണമെന്ന ആഗ്രഹവുമായാണു എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പരിസരത്തേക്കു പോയത്. അവിടെ ഓട്ടോയുമായി ചെന്നപ്പോ പള്ളി കോംപൗണ്ടിലേക്ക് വാഹനം കയറ്റിയിടാന്‍ പൊലീസുകാര്‍ പറഞ്ഞു.
വാഹനം ഒതുക്കി നിര്‍ത്തി റോഡരികില്‍ രാഹുലിന്റെ വരവിനായി കാത്തുനിന്നു. ഏകദേശം 10 മിനിറ്റ് ആയിക്കാണും, ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നു കേട്ടത്.
വാഹനം പുറത്തേക്ക് മാറ്റിയിടാനായിരിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. ഓട്ടോയുടെ അടുത്തേക്ക് ഓടിയെത്തിയപ്പോള്‍ കുറേ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും കണ്ടു.
പടച്ചോനെ, പണിയായല്ലോ എന്നു മനസ്സില്‍ വിചാരിച്ച് ഓട്ടോറിക്ഷയുടെ അടുത്തെത്തിയപ്പോഴാണു രാഹുല്‍ഗാന്ധിയെ കല്‍പറ്റയിലെത്തിക്കാമോ എന്നു ചോദിച്ചു സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ അടുത്തെത്തിയത്.
ഞെട്ടിത്തരിച്ചു നില്‍ക്കുന്നതിനിടയില്‍, കൈക്കൂപ്പി ഹലോ എന്നു പറഞ്ഞു രാഹുല്‍ഗാന്ധി ഓട്ടോയിലേക്ക് കയറി.
കെ.സി. വേണുഗോപാല്‍ എംപി, കല്‍പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖ് എന്നിവരും ഒപ്പം കയറി. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍ സീറ്റില്‍ ഒപ്പമിരുന്നു. സുരക്ഷാ വാഹനങ്ങള്‍ അകമ്ബടിയായി പുറകേ വന്നു”.
എടപ്പെട്ടി മുതല്‍ കല്‍പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വരെയായിരുന്നു രാഹുലിന്റെ ഓട്ടോ യാത്ര. മൂന്നര കിലോമീറ്റര്‍ ദൂരം 20 മിനിറ്റെടുത്താണു എത്തിയത്. ഇന്ധന വിലവര്‍ധന ഏതുരീതിയിലാണു ബാധിച്ചതെന്നു യാത്രയ്ക്കിടെ അദ്ദേഹം ഷെരീഫിനോടു ചോദിച്ചറിഞ്ഞു.
രാഹുലിന്റെ ചോദ്യങ്ങള്‍ കെ.സി. വേണുഗോപാല്‍ തര്‍ജമ ചെയ്തു നല്‍കി. കോവിഡിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലാണെന്നും അതിനിടയിലാണു ഇന്ധനവില അടിക്കടി വര്‍ധിക്കുന്നതെന്നും നിലവില്‍ അന്നന്നത്തെ ചെലവിനുള്ള തുക പോലും ലഭിക്കുന്നില്ലെന്നും ഷെരീഫ് പറഞ്ഞു. ഇതിനിടെ ഓട്ടോ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തി
ഓട്ടോ നിര്‍ത്തിയതോടെ ഡ്രൈവര്‍ സീറ്റിലെത്തിയ രാഹുല്‍, പ്രതിസന്ധി മനസിലായെന്നും രാജ്യത്തെ ഓട്ടോഡ്രൈവര്‍മാര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പറഞ്ഞു. ആശംസകള്‍ നേര്‍ന്നാണു അദ്ദേഹം ഓട്ടോയില്‍ നിന്നിറങ്ങിയത്.
കഴിഞ്ഞ 4 വര്‍ഷമായിട്ടു എടപ്പെട്ടിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണു ഷെരീഫ്. മകള്‍ ഹനീസയുടെ വിളിപ്പേരായ പൊന്നുമോള്‍ എന്നാണു ഓട്ടോറിക്ഷയ്ക്കു പേരിട്ടിരിക്കുന്നത്.