ബലാത്സംഗ ശ്രമം ചെറുത്ത നാലുവയസ്സുകാരിയെ 30കാരൻ കഴുത്തറുത്ത് കൊന്നു; മൃതദേഹം ചാക്കിൽ പൊതിഞ്ഞ് കക്കൂസിൽ ഘടിപ്പിച്ച കുഴലിൽ ഉപേക്ഷിച്ചു

മുംബൈ: ബലാത്സംഗ ശ്രമം ചെറുത്ത നാലുവയസ്സുകാരിയെ 30കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് സങ്കടം താങ്ങാനാവാതെ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്യുകയും ചെയ്തു. ദാദ്ര ആൻഡ് നാഗർ ഹാവേലിയിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. പ്രതിയായ സന്തോഷ് രാജത് എന്നയാളെ അറസ്റ്റ് ചെയ്തെന്ന് എസ്പി ഹരേശ്വർ സ്വാമി അറിയിച്ചു.
തന്റെ ഫ്ലാറ്റിൽവെച്ചാണ് ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടി എതിർത്തതോടെ കഴുത്തറുത്ത് കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ പൊതിഞ്ഞ് കക്കൂസിൽ ഘടിപ്പിച്ച കുഴലിൽ ഉപേക്ഷിച്ചു. കളിച്ചുകൊണ്ടിരിക്കുന്നിടത്താണ് കുട്ടിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയത്. കുട്ടിയെ കാണാതായതോടെ പെൺകുട്ടിയുടെ കുടുംബം നരോലി പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ഫ്ലാറ്റുകളിൽ പൊലിസ് വ്യാപകമായ തിരച്ചിൽ നടത്തി. തിരിച്ചിലിനിടെ പ്രതിയുടെ ഫ്ലാറ്റിലെ ബാത്ത്റൂമിൽ രക്തക്കറ കണ്ടതാണ് തുമ്പായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
മകൾ മരിച്ച ദുഃഖം താങ്ങാനാകാതെ പിതാവ് വിഷം കഴിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച അദ്ദേഹം മരിച്ചു. പ്രതി ജാർഖണ്ഡ് സ്വദേശിയാണ്. കഴിഞ്ഞ നാല് വർഷമായി ദാദ്രയിലാണ് താമസം. വിവിധ ഫാക്ടറികളിൽ ജോലി ചെയ്യുകയാണ് ഇയാൾ.