National

300 ദിവസം ഉറങ്ങുന്ന യുവാവ്; കുളിയും ഭക്ഷണവും ഉറങ്ങിക്കൊണ്ട്

ജയ്പൂര്‍: ഒരാള്‍ക്ക് ഒരു ദിവസം എത്ര നേരം കിടന്നുറങ്ങാന്‍ സാധിക്കും. ആരോഗ്യകരമായ ഉറക്കം ആറ് മുതല്‍ എട്ട് വരെ മണിക്കൂറാണ്. ഉറക്കം അതിനേക്കാള്‍ കൂടിയാല്‍ ക്ഷീണം കൂടിയേക്കാം…. എന്നാല്‍ വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന ഒരു യുവാവുണ്ട് രാജസ്ഥാനില്‍. മാസത്തില്‍ 25 ദിവസം ഉറങ്ങുന്ന 42കാരനായ പുര്‍ഖരം. ഭദ്വ ഗ്രാമത്തിലുള്ള ഇയാളുടെ ഉറക്കത്തിന് കാരണം ആക്‌സിസ് ഹൈപ്പര്‍സോംനിയ എന്ന പ്രത്യേക രോഗമാണ്. രാമയണ കഥകളില്‍ ആറ് മാസം ഉറങ്ങുന്ന കുംഭകര്‍ണനെ കുറിച്ച്‌ പലരും വായിച്ചുകാണും. രാവണന്റെ സഹോദകനായ കുംഭകര്‍ണന്‍ ഒരു വര്‍ഷത്തില്‍ ആറ് മാസമാണ് ഉറങ്ങുക.

പുര്‍ഖരത്തിന് കഴിഞ്ഞ 23 വര്‍ഷമായി ഈ രോഗമുണ്ട്. വീടിനടുത്ത് ഒരു കട നടത്തുകയാണ് ഇയാള്‍. ഉറക്കം കാരണം മാസത്തില്‍ അഞ്ച് ദിവസം മാത്രമാണ് കട തുറക്കാറുള്ളത്. ഉറക്കം തുടങ്ങിയാല്‍ പിന്നെ ആര്‍ക്കും ഉണര്‍ത്താന്‍ സാധിക്കില്ല. പലവിധ ചികില്‍സകളും നടത്തി. ഇപ്പോഴും ചികില്‍സ തുടരുകയും ചെയ്യുന്നുണ്ടെന്ന് പുര്‍ഖരത്തിന്റെ കുടുംബം പറയുന്നു. അസുഖത്തിന്റെ ആദ്യത്തില്‍ 15 മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങുകയായിരുന്നു പതിവ്. ഇത് പിന്നീട് ക്രമേണ വര്‍ധച്ചു. ഇപ്പോള്‍ മാസത്തില്‍ 25 ദിവസം വരെ ഉറങ്ങുന്ന അവസ്ഥയായി.

ഉറക്കത്തിനിടെ തന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ച്‌ ഭക്ഷണം നല്‍കുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്യുമത്രെ. ഉറക്കവും മരുന്നുകളും കാരണം തടി കൂടിയിട്ടുണ്ടെന്ന് പുര്‍ഖരം പറയുന്നു. കടുത്ത തലവേദനയും അനുഭവപ്പെടാറുണ്ടെന്ന് പുര്‍ഖരം പറഞ്ഞു. ചികില്‍സയിലൂടെ ഇദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഭാര്യ ലിചിമി ദേവിയും മാതാവ് കന്‍വാരി ദേവിയും പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button