ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐഎം

മഞ്ചേശ്വരം എംഎൽഎ എം.സി. ഖമറൂദ്ദീന്റെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ നടത്തിയ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഎം. ഇതിന്റെ മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം സർക്കാർ നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.
നിക്ഷേപ തട്ടിപ്പിൽ 33 കേസാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എംഎൽഎക്കെതിരെ ഇത്രയധികം കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. ഓരോ ദിവസവും നിരവധി ആളുകളാണ് പുതുതായി പരാതിയുമായി മുന്നോട്ടു വരുന്നത്. 150 കോടിയോളം രൂപ സമാഹരിച്ചതായാണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകരെ കബളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാനായ ഖമറൂദ്ദീനും എംഡിയായ പൂക്കോയതങ്ങളും രജിസ്റ്റർ ചെയ്തത്. എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ചും ഉയർന്നുവന്ന മറ്റ് ആക്ഷേപങ്ങളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.