ലൈഫ് മിഷന്‍ കോഴയിടപാട്, യൂണിടാക് എംഡി സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ സിബിഐ പ്രാഥമികമായി ചോദ്യം ചെയ്തു. യൂണിറ്റാക്കിന് നിർമ്മാണ കരാർ കിട്ടാൻ ഓണ്‍ലൈന്‍ വഴിയാണ് കമ്മിഷന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു നൽകിയതെന്ന സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതിന്റെ സത്യാവസ്ഥയും തെളിവുകളും സി ബി ഐ അന്വേഷിക്കുകയും ശേഖരിക്കുകയുമാണ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഐസോമോങ്ക് എന്ന ട്രേഡിങ് കമ്പനിയുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുള്ളത്.
ഓണ്‍ലൈന്‍ വഴി നടത്തിയ പണമിടപാട് സിബിഐ പരിശോധിക്കുന്നുണ്ട്. യൂണിടാക് ഉടമയ്ക്ക് ലഭിച്ച പണം കമ്മിഷനും നിര്‍മാണത്തിനുമായി രണ്ട് അക്കൗണ്ടുകളിലേക്ക് ആണ് മാറ്റിയിരുന്നത്. ഇതിൽ ഒരക്കൗണ്ടിൽ നിന്നുള്ള മുഴുവന്‍ തുകയും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി സന്തോഷ് ഈപ്പനെ അടുത്തയാഴ്ച സി ബി ഐ വീണ്ടും ചോദ്യം ചെയ്യും. പ്രതികള്‍ക്ക് നാലരക്കോടി രൂപയാണ് കമ്മിഷന്‍ ലഭിച്ചത് എന്ന് സ്ഥിരീകരിച്ച മന്ത്രിമാരായ തോമസ് ഐസക്കില്‍ നിന്നും എകെ ബാലനില്‍ നിന്നും സി ബി ഐ മൊഴിയെടുക്കും.
ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശസംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സി ബി ഐ കേസ്സ് അന്വേഷണം നടത്തി വരുന്നത്. കേസില്‍ നിര്‍മാണക്കരാര്‍ എടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഈ സാഹചര്യത്തിലാണ് സിബിഐ പ്രാഥമികമായി ചോദ്യം ചെയ്തിരിക്കുന്നത്. ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ സി ബി ഐ ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് തന്നെ എല്ലാകാര്യങ്ങളിലും സഹായിച്ചതെന്ന, എൻഫോഴ്‌സ്‌മെന്റിനു നൽകിയ മൊഴിതന്നെയാണ് സി ബി ഐ യുടെ മുന്നിലും സന്തോഷ് ഈപ്പൻ ആവർത്തിച്ചിട്ടുള്ളതായ വിവരങ്ങളാണ് ഇതിനകം പുറത്ത് വന്നിട്ടുള്ളത്. കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്നും പല സര്‍ക്കാര്‍ വകുപ്പുകളിലും ശിവശങ്കര്‍ സഹായിച്ചെന്നും യൂനിടാക് ബിൽഡേസ് ഉടമ എൻഫോഴ്സ്മെന്‍റിന് മൊഴി നൽകിയിരുന്നതാണ്. സ്വപ്നയാണ് ശിവശങ്കറിനെ കാണാൻ നിർദ്ദേശിക്കുന്നത്. സര്‍ക്കാര്‍ തലത്തിൽ തുടർന്നുളള സഹായങ്ങൾ ചെയ്തത് ശിവശങ്കറെന്നുമാണ് എൻഫോഴ്മെന്‍റിന് യൂണിറ്റാക്ക് ഉടമ നൽകിയിരിക്കുന്ന മൊഴി. പല വകുപ്പുകളിലും ശിവശങ്കർ പദ്ധതിക്ക് അനുകൂല സഹായം നൽകാൻ വിളിച്ച് നിർദ്ദേശിക്കുകയായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ട് തവണ കമ്മീഷൻ വാങ്ങി. സ്വപ്ന ലോക്കറിൽ സൂക്ഷിച്ച പണം കൈക്കൂലി പണമെന്ന നിഗമനത്തിലേക്ക് എൻഫോഴ്സ്മെന്റ് എത്തുന്നത് ഇതോടെയാണ്. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നൽകേണ്ടി വന്നുവെന്നും യുനിടാക് എൻഫോഴ്‌സ്‌മെന്റിനു മുൻപാകെ മൊഴി നല്കിയിരുന്നതാണ്. മൊത്തം 20 കോടി രൂപയുടെ പദ്ധതിയില്‍ ആറ് ശതമാനം സ്വപ്നയും കൂട്ടരും കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഗഡുവായി 55 ലക്ഷം രൂപ സന്ദീപിന്‍റെ ഉടമസ്ഥതയിലുള്ള ഐഎസ്ഒ മോങ്ക് എന്ന സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഇടുകയായിരുന്നു. ഈ പണം ഇവർ തമ്മിൽ ആദ്യം വീതിച്ചെടുത്തു. തുടർന്ന് കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിനെ കാണാന്‍ ആവശ്യപ്പെട്ടു. നിര്‍മാണ കരാർ നൽകാൻ തനിക്കും കോൺസുൽ ജനറലിനും കൂടി 20 ശതമാനം കമ്മീഷൻ നൽകണം എന്നായിരുന്നു ഖാലിദ് പറയുന്നത്. തുടര്‍ന്ന് 3 കോടി 80 ലക്ഷം കോണ്‍സുല്‍ ജനറലിന് കൈമാറിയെന്നും എൻഫോഴ്‌സ്‌മെന്റിനു സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.