Kerala NewsLatest NewsNews

കൊടി സുനിക്കും സംഘത്തിനും മദ്യപാന സൗകര്യമൊരുക്കി പൊലീസ്; സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ കൊടിസുനിക്കും സംഘത്തിനും മദ്യപിക്കാന്‍ സൗകര്യമൊരുക്കി പൊലീസ്. പ്രതികള്‍ക്ക് കണ്ണൂരേക്കുള്ള യാത്രയില്‍ വഴിവിട്ടു സഹായം നല്‍കിയതിന് 3 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു. നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്‌ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.

കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി. കണ്ണൂര്‍ കോടതിയില്‍ മറ്റു ചില കേസുകള്‍ക്കായി കൊണ്ടു പോകുന്ന വഴിയാണു സുനിക്കും മറ്റു 2 കൂട്ടു പ്രതികള്‍ക്കും അകമ്ബടി പോയ പൊലീസുകാര്‍ വഴിവിട്ട സഹായം നല്‍കിയത്. തിരുവനന്തപുരത്തു നിന്നു തന്നെ ഇവരെ സ്വീകരിച്ചു കൂട്ടികൊണ്ടു പോകാന്‍ കണ്ണൂരില്‍ നിന്നു കൂട്ടാളിയെത്തിയിരുന്നു. ആ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നു.

ആലപ്പുഴ, തൃശൂര്‍ എന്നിങ്ങനെ പല റെയില്‍വേ സ്റ്റേഷനുകളിലും ഇവര്‍ക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ലഭിച്ചതായി സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനിലെ ശുചിമുറിയിലിരുന്നായിരുന്നു മദ്യപാനം. ചില സ്റ്റേഷനുകളിലെ എസി വിശ്രമ കേന്ദ്രങ്ങളും പ്രതികള്‍ മദ്യസേവക്കുള്ള ഇടമാക്കി. ഒപ്പം എല്ലാത്തിനും കൂട്ടു നിന്ന പൊലീസുകാര്‍ക്കും പ്രതികള്‍ ഭക്ഷണം നല്‍കി. പ്രതികളെ വിലങ്ങ് അണിയിക്കാനോ ഒപ്പം ഇരുന്നു സഞ്ചരിക്കാനോ പൊലീസ് തയ്യാറായില്ല. സര്‍വ്വ സ്വതന്ത്രരായായിരുന്നു ഇവരുടെ സഞ്ചാരം. പൊലീസുകാരെ അകറ്റി ഇരുത്തുകയാണ് പ്രതികളുടെ പതിവ്. ഇത് സ്ഥിരം പരിപാടിയാണെന്നും സ്പെഷ്യല്‍ ബ്രാഞ്ച് മനസ്സിലാക്കി.

ഇതിനു മുന്‍പ് മറ്റൊരു യാത്രയില്‍ പ്രതികളുടെ ഇത്തരം നടപടിയെ ചോദ്യം ചെയ്ത പൊലീസുകാരനെ പ്രതികള്‍ കണ്ണൂരിലെത്തിയപ്പോള്‍ സഹ പൊലീസുകാര്‍ക്കു മുന്‍പില്‍വച്ച്‌ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അവിടെ കോടതികളില്‍ ഉള്‍പ്പെടെ പ്രതികളെ കാണാനും ആവശ്യങ്ങള്‍ നിറവേറ്റാനും സിപിഎം എത്താറുണ്ട് എന്നതാണ് ആരോപണം. ഇതില്‍ ഏതെങ്കിലും പൊലീസുകാര്‍ ഇടപെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥരുടെയോ പാര്‍ട്ടി സെക്രട്ടറിയുടെയോ ഭീഷണി ഉണ്ടാകാറുണ്ടെന്നും ആരോപണമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button