കര്‍ണാടകയിലും കോണ്‍ഗ്രസ് പ്രതീക്ഷ അസ്തമിക്കുന്നു
ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ ഒരു സിറ്റി കോര്‍പ്പറേഷനെങ്കിലും ഭരിക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ അസ്തമിക്കുന്നു. മൂന്ന് സിറ്റി കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ എത്താന്‍ കഴിഞ്ഞ ഏക കോര്‍പ്പറേഷന്‍ ആയിരുന്നു കലബുര്‍ഗി. എന്നാല്‍ 55 അംഗ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
ഇതോടെ കോണ്‍ഗ്രസിനെ മറികടന്ന് അധികാരം പിടിക്കാനുള്ള ശ്രമം ബിജെപിയും ആരംഭിച്ചു. ഹുബ്ബള്ളി- ധാര്‍വാഡ്, ബെലഗാവി എന്നീ സിറ്റി കോര്‍പ്പറേഷനുകളില്‍ നേരത്തെ തന്നെ അധികാരം ഉറപ്പിച്ച ബിജെപി മൂന്നാമതായി കലബുര്‍ഗി കൂടി പിടിച്ചെടുക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. ജെഡിഎസിനെ ഒപ്പം നിര്‍ത്താനാണ് അവരുടെ ശ്രമം. 55 അംഗ കലബുര്‍ഗി സിറ്റി കൗണ്‍സിലിലേക്ക് ഈയിടെ നടന്ന വോട്ടെടുപ്പില്‍ 27 സീറ്റ് നേടിയായിരുന്നു കോണ്‍ഗ്രസ് മുന്നില്‍ എത്തിയത്. ബിജെപിക്ക് 23 ഉം ജെഡിഎസിന് 4 ഉം സീറ്റ് ലഭിച്ചു. ഒരിടത്ത് സ്വതന്ത്രനാണ് വിജയിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട 55 കൗണ്‍സിലര്‍മാര്‍ക്ക് പുറമേ ആറ് പ്രാദേശിക ജനപ്രതിനിധികള്‍ക്കും കെഎംസി ആക്ട് അനുസരിച്ച് വരാനിരിക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്. മേയര്‍ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ നിലപാട് നിര്‍ണ്ണായകമാവും. അതിനാല്‍ എല്ലാവരും ഉറ്റു നോക്കുന്നത് ജെഡിഎസ് അധ്യക്ഷന്‍ കുമാരസ്വാമിയിലേക്കാണ്. കുമാരസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം ജനപ്രതിനിധികള്‍ ബംഗളൂരുവിലെത്തിയിട്ടുണ്ടെന്നും ഏത് പാര്‍ട്ടിക്ക് പിന്തുണ നല്‍കണമെന്ന് നേതൃത്വം അലോചിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
മേയര്‍ സ്ഥാനം പങ്കിടുകയെന്ന ധാരണയോടെ ജെഡിഎസ് ബിജെപിക്ക് ഉപാധികളോടെ പിന്തുണ നല്‍കിയേക്കും. മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്യുന്ന പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ജെഡിഎസ് കൗണ്‍സിലര്‍മാര്‍ അറിയച്ചതായാണ് റിപ്പോര്‍ട്ട്്. കലബുര്‍ഗി സിറ്റി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.