രാഷ്ട്രപതിയുടെ പ്രസംഗം അലങ്കോലമാക്കരുതേ, പ്രതിപക്ഷത്തോട് അപേക്ഷിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും പാര്ലമെന്ററികാര്യാ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം), എന്‍സിപി, ജെകെഎന്‍സി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, എഐയുഡിഎഫ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളാണ് സംയുക്തമായി രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. സംയുക്ത പ്രതിപക്ഷത്തിന്റെ ഒപ്പം അല്ലെങ്കിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു. ശിരോമണി അകാലിദളും പ്രസംഗം ബഹിഷ്കരിക്കും.
സംസ്ഥാനങ്ങളുമായി ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്നത്. കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്യുകയോ ഇക്കാര്യത്തില്‍ ഒരു ദേശീയ സമവായം രൂപീകരിക്കുകയോ ചെയ്തിട്ടില്ല. പാര്‍ലമെന്റ് ചട്ടങ്ങളെ തന്നെ മറികടന്നാണ് ബില്ലുകള്‍ പാസാക്കിയത്. പ്രതിപക്ഷത്തെ ബലപ്രയോഗത്താല്‍ അകറ്റി നിര്‍ത്തിയുമാണ് ബില്ലുകള്‍ പാസാക്കി എടുത്തത്.
ഈ നിയമങ്ങളുടെ ഭരണഘടന സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.