കല്‍ക്കരിയില്ല, ഡീസലിന് റേഷന്‍: ഊര്‍ജ പ്രതിസന്ധി ചൈനയെ വലയ്ക്കുന്നു
ബീജിംഗ്: അനുദിനം വര്‍ധിക്കുന്ന ഊര്‍ജപ്രതിസന്ധിയില്‍ ചൈന വലയുന്നു. ചൈനയില്‍ കല്‍ക്കരി കിട്ടാനില്ല. ഇപ്പോള്‍ ഡീസലിന് റേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് ചൈനയുടെ സാമ്പത്തികരംഗത്തെ തകിടം മറിച്ചേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഡീസലിന് നിത്യവും വില കുതിച്ചുയരുകയാണ്. ചൈനയിലെ പമ്പുകളില്‍ ട്രക്കുകളില്‍ ഇന്ധനം നിറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ ഒരു ദിവസം വരെ കാത്തുകിടക്കുന്നതായിട്ടാണു റിപ്പോര്‍ട്ട്. കല്‍ക്കരിയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യതക്കുറവ് മൂലം ചൈന നിലവില്‍ ഊര്‍ജപ്രതിസന്ധിയാണ്. വൈദ്യുതി ഉത്പാദനം കുറഞ്ഞു. ഫാക്ടറികളിലും ഭവനങ്ങളിലും വൈദ്യുതി ലഭിക്കുന്നില്ല. ഇതിനിടെയാണ് ഡീസല്‍ ലഭ്യത കുറഞ്ഞിരിക്കുന്നത്. കല്‍ക്കരിക്കും പ്രകൃതിവാതകത്തിനും പകരം ഡീസലിനെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് പ്രതിസന്ധിക്കു കാരണം.
ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയിലെ ഇന്ധനപ്രതിസന്ധി ആഗോള ചരക്ക് നീക്കത്തെ വലുതായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ചൈനയില്‍ വിലക്കയറ്റം ഉണ്ടാകുമെന്നും അത് ആഗോള വിപണിയില്‍ പ്രതിഫലിക്കുമെന്നും ചിലര്‍ ഭയക്കുന്നുണ്ട്. സംഭരണശേഷിയുടെ പത്തു ശതമാനം മാത്രം ഡീസലാണ് ഒരു ട്രക്കിനു നിലവില്‍ അനുവദിക്കുന്നതെന്ന് ഹെബെയ് പ്രവിശ്യയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫുള്‍ ടാങ്ക് അടിക്കാന്‍ പമ്പുകാര്‍ ട്രക്ക് ഡ്രൈവര്‍മാരില്‍നിന്ന് അധികതുക ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ കോവിഡ് ബാധ ശക്തമായതിനെത്തുടര്‍ന്നു ചൈനയിലെ മൂന്നു നഗരങ്ങളില്‍ ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ തോതിലുള്ള പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. വീണ്ടും കോവിഡ് പടര്‍ന്നാല്‍ ചൈനയുടെ അവസ്ഥ പരിതാപകരമാവുമെന്ന് നിരീക്ഷകര്‍ പറഞ്ഞു.