പാചക വാതക ഡി.എ.സി. ആദ്യം തലസ്ഥാനത്തും കൊച്ചിയിലും

ഉപഭോക്താക്കൾക്ക് എൽ.പി.ജി. സിലിൻഡർ ശരിയായ രീതിയിൽ ലഭ്യമാക്കുന്നതിന് രാജ്യത്ത് നടപ്പാക്കുന്ന ഡെലിവറി ഓഥന്റിഫിക്കേഷൻ കോഡ് (ഡി.എ.സി.) നവംബർ ഒന്നുമുതൽ സംസ്ഥാനത്തും നടപ്പാക്കും. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേരളത്തിൽ ആദ്യം ആരം ഭിക്കുക.വിൽപ്പനയിലെ പരാതികൾ പരിഹരിക്കുന്നതിനായി എണ്ണ കമ്പനികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
നവംബർ ഒന്നുമുതൽ രാജ്യത്തെ 100 സ്മാർട്ട് സിറ്റികളിലണ് ഈ ഡിജിറ്റൽ സംവിധാനം നിർബന്ധമാക്കുന്നത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും എൽ.പി.ജി. ഉപയോക്താക്കളും സിലിൻഡറുകൾ ലഭിക്കുന്നതിനു വേണ്ടി നവംബർ ഒന്നുമുതൽ ഡി.എ.സി. വിതരണക്കാരനുമായി പങ്കിടേണ്ടി വരും.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ പൊതുമേഖലാ എണ്ണ കമ്പനികളാണ് എൽ.പി.ജി. സിലിൻഡറുകളുടെ സുതാര്യമായ കൈമാറ്റം ഉറപ്പാക്കുന്നതിന് ഡി.എ.സി. അവതരിപ്പിക്കുന്നത്. എൽ.പി.ജി. ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന നാലക്ക നമ്പർ ആണിത്. ഇത് പങ്കിട്ടാൽ മാത്രമേ ഗ്യാസ് ലഭിക്കുകയുള്ളു. എല്ലാ നഗരങ്ങളിലുള്ള എല്ലാ എൽ.പി.ജി. ഉപയോക്താക്കൾക്കും ഉടൻതന്നെ ഡി.എ.സി. നിർബന്ധമാക്കും.