സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുകൾക്ക് ചില ജില്ലകളിൽ പുല്ലുവിലയോ?

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രായമായ പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കാൻ പൊലീസ് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി കൊണ്ടുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുകൾക്ക് ചില ജില്ലകളിൽ പുല്ലുവില. ജീവിതശൈലീരോഗങ്ങൾ അടക്കമുള്ള 50 വയസ്സിനു മുകളില്‍ പ്രായമുള്ള പോലീസ് ഉദ്യോഗസ്ഥരെ ശ്രമകരമായ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്ന് മേയ് 16ന് ഡി.ജി.പി ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പാക്കാൻ പല ജില്ല പൊലീസ് മേധാവിമാരും ഇതുവരെ തയ്യാറായിട്ടില്ല. ഇതിനു മുഖ്യ ഉദാഹരണമാണ് കോവിഡ് ബാധിച്ച് മരിച്ച ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്.ഐ അജിതൻ (55) ന്റെ മരണം.
ഹൃദയസംബന്ധമായ അസുഖങ്ങൾ തനിക്കുണ്ടെന്ന് അജിതൻ മേലുദ്യോഗസ്ഥന്മാരെ അറിയിച്ചിരുന്നതാണ്. എന്നിട്ടും കോവിഡ് ഡ്യൂട്ടിയിൽനിന്ന് അജിതനെ ഒഴിവാക്കിയിരുന്നില്ല. ഇക്കാര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നു. അജിതന്റെ മരണത്തെ തുടർന്ന് 50 വയസ്സ് കഴിഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാവശ്യപ്പെട്ട് ശനിയാഴ്ച ഡി.ജി.പി വീണ്ടും സർക്കുലർ ഇറക്കുകയുണ്ടായെങ്കിലും, ഞായറാഴ്ചയും പലരെയും ക്രിട്ടിക്കൽ കണ്ടയ്ൻമന്റ് സോണിൽ ഉൾപ്പടെ ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു.
ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്നവരിൽ പകുതിപ്പേർക്ക് ഡ്യൂട്ടിയും, പകുതിപേര്‍ക്ക് വിശ്രമവും നൽകണമെന്ന ഡി ജി പി യുടെ പുനഃക്രമീകരണ നിർദേശവും മിക്ക ജില്ലകളിലും നടപ്പായിട്ടില്ല. പതിവ് വാഹനപരിശോധനയും, നിസ്സാര കാര്യങ്ങള്‍ക്കുള്ള അറസ്റ്റ് എന്നിവ ഒഴിവാക്കണമെന്ന് ഡി ജി പി നിർദേശം നൽകിയത്, ജോലിഭാരം കുറക്കാനും, കൂടുതൽ പോലീസുകാർ കോവിഡ് ബാധിരാകുന്നതിനാലും, നിരവധിപ്പേർ നിരീക്ഷണത്തിൽ പോകേണ്ടിവരുന്ന സാഹചര്യത്തിലും ആയിരുന്നു. ഡി ജി പി യുടെ ഈ നിർദേശവും അവഗണിക്കപ്പെടുകയായിരുന്നു. മാസ്ക് ധരിക്കാത്തതിനും വാഹനം പിടിച്ചെടുത്ത് പെറ്റി ഈടാക്കുന്നതിനും പ്രത്യേക ടാർഗറ്റ് ദിവസവും സ്റ്റേഷനിൽ വിളിച്ചു നൽകുന്നത് തുടരുകയാണ്.