ശവസംസ്കാര ചടങ്ങു നടക്കുന്നതിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 18 പേർ മരിച്ചു.

ഗാസിയാബാദ് / ഉത്തർപ്രദേശിൽ ശവസംസ്കാര ചടങ്ങു നടക്കുന്നതിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 18 പേർ മരിച്ചു. മുറാദ് നഗർ പട്ടണത്തിലെ ശ്മശാനത്തിലാണ് ദുരന്തം. നിരവധി പേർക്ക് പരിക്കുണ്ട്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തി വരുന്നത്. അവശിഷ്ടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയുളള ശ്രമങ്ങൾ തുടരുന്നു. 32പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തിയിരിക്കുകയാണ്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽ മരണപ്പെട്ടത്. കനത്ത മഴയെ തുടർന്നാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എല്ലാ ചികിത്സാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.