എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് അഭിമന്യു മാത്രം എത്തിയില്ല; കാശിനാഥ് എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത് സുഹൃത്തിന്റെ മരണം അറിയാതെ
വള്ളികുന്നം : വള്ളികുന്നം അമൃത ഹൈസ്കൂളില്‍ എസ്‌എസ്‌എല്‍സി പരീക്ഷാ ഹാളിലെ മൂന്നാമത്തെ ബഞ്ചിന്റെ ഒരു ഭാഗം ഇന്നലെ ശൂന്യമായിക്കിടന്നതു സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നൊമ്പരമായി. പരീക്ഷയെഴുതാന്‍ അഭിമന്യു മാത്രം എത്തിയില്ല.അധ്യാപകരുടെ മനസില്‍ ഇടം നേടിയ വിദ്യാര്‍ഥിയായിരുന്നു അഭിമന്യു. പഠനത്തില്‍ മോശമല്ലായിരുന്നു അഭിമന്യുവെന്നു പ്രധാന അധ്യാപിക വി.സുനീത പറഞ്ഞു.
കൂട്ടുകാരന്റെ വേര്‍പാട് അറിയാതെയാണു കാശിനാഥ് എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്. അഭിമന്യുവിനോടൊപ്പം കാശിനാഥിനും ആക്രമണത്തില്‍ സാരമായി പരുക്കേറ്റിരുന്നു. അഭിമന്യു പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് എന്നു മാത്രമായിരുന്നു പറഞ്ഞത്.
ഇടതുകൈയിലെ പരുക്കുമായാണു കാശിനാഥ് ആശുപത്രിയില്‍ നിന്ന് പരീക്ഷാ ഹാളിലേക്ക് എത്തിയത്. ഇന്നലെ ആശുപത്രിയില്‍ നിന്നു പിതാവിനൊപ്പമാണു സ്കൂളിലെത്തിയത്. പരീക്ഷയ്ക്കു ശേഷമാണ് അഭിമന്യു മരിച്ച വിവരം കാശിനാഥ് അറിഞ്ഞത്. പരീക്ഷയ്ക്കു ശേഷം തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ മരിച്ചതിനു ശേഷം മക്കള്‍ക്കു താങ്ങും തണലുമായി നിന്ന അമ്പിളികുമാറിനു ഇളയ മകന്‍ അഭിമന്യുവിന്റെ വേര്‍പാട് തീരാനൊമ്ബരമായി. വര്‍ഷങ്ങളായി വിദേശത്തായിരുന്ന അമ്പിളികുമാര്‍ ഭാര്യ ബീനയുടെ ചികിത്സയ്ക്കായി 2 വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കാന്‍സര്‍ ബാധിതയായിരുന്നു ബീന.
വീടു പുതുക്കിപ്പണിതതും രണ്ടുവര്‍ഷം മുന്‍പാണ്. എന്നാല്‍ പുതിയ വീട്ടിലേക്കു വിരുന്നെത്തിയതു സങ്കടങ്ങളാണ്. ഒരു വര്‍ഷം മുന്‍പ് ബീന മരിച്ചു. തുടര്‍ന്നു മക്കള്‍ക്കൊപ്പം കഴിയാന്‍, വിദേശത്തെ ജോലി ഉപേക്ഷിച്ച് അമ്പിളി ഓട്ടോറിക്ഷാ ഡ്രൈവറായി. അഭിമന്യുവിനെയും നഷ്ടമായതോടെ ആകെ തകര്‍ന്നിരിക്കുകയാണ് അമ്പിളികുമാര്‍ .
അനുജന്റെ വേര്‍പാടു നേരിട്ടുകണ്ട ആഘാതത്തില്‍ നിന്നു കരകയറാനാവാത്ത സ്ഥിതിയിലാണ് അഭിമന്യുവിന്റെ സഹോദരന്‍ അനന്തു. സംഘര്‍ഷത്തിനിടെ അഭിമന്യുവിന്റെ ഒപ്പമുണ്ടായിരുന്ന അനന്തു ഇതുവരെ സാധാരണനില വീണ്ടെടുത്തിട്ടില്ല.
അനന്തുവിനൊപ്പം ഉത്സവപ്പറമ്പില്‍ നില്‍ക്കുമ്പോഴാണ് സംഘര്‍ഷമുണ്ടായതും അഭിമന്യുവിനു കുത്തേറ്റതും. കണ്‍മുന്നില്‍ സഹോദരനെയും സുഹൃത്തുക്കളെയും കുത്തി വീഴ്ത്തുന്നതു കണ്ട ആഘാതത്തില്‍ അബോധാവസ്ഥയിലായ അനന്തുവിനെ വീട്ടില്‍ നിന്നു തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി